ധൻരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കൾ പിൻവലിച്ചതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെ തെളിവ് സമർപ്പിച്ചിട്ടും ഒരു അന്വേഷണം നടത്താൻ പോലും സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.
കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിടുന്ന സിപിഎം പക്ഷെ മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് മറുപടി നൽകുന്നില്ല. ധൻരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കൾ പിൻവലിച്ചതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെ തെളിവ് സമർപ്പിച്ചിട്ടും ഒരു അന്വേഷണം നടത്താൻ പോലും സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. ഫണ്ട് മോഷ്ടിച്ച ടിഐ മധുസൂധനനെ എംഎൽഎ സ്ഥാനത്ത് നിന്ന് പാർട്ടി രാജി വയ്പ്പിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സജീവ സിപിഎം പ്രവർത്തകനായ സി.വി.ധൻരാജ് കൊല്ലപ്പെടുന്നത്. ധൻരാജിൻ്റെ കടങ്ങൾ വീട്ടാനും വീട് വച്ച് നൽകാനും പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ധനരാജിന് പയ്യന്നൂരിലെ പാർട്ടിക്കാർക്കിടയിലുണ്ടായിരുന്ന ജനപ്രീതി കാരണം എൻപത്തിയഞ്ച് ലക്ഷത്തിലധികമാണ് ഫണ്ട് കിട്ടിയത്. 25 ലക്ഷം രൂപയ്ക്ക് ധൻരാജിന്റെ കുടുംബത്തിന് വീട് വച്ചുനൽകി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 5 ലക്ഷവീതവും അമ്മയുടെ പേരിൽ 3 ലക്ഷവും സഹകരണബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടു. ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിൻ്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കി.
ധൻരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തിൻ്റെ കടംവീട്ടാതെയായിരുന്നു ഈ നിക്ഷേപം. ധൻരാജിൻ്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയുണ്ടെന്നും ആ വരുമാനത്തിൽ നിന്നും കടം വീടട്ടെ എന്നും പറഞ്ഞായിരുന്നു ഇത്. 42 ലക്ഷം സ്ഥിരനിക്ഷേപത്തിൽനിന്നും ലഭിച്ച 5 ലക്ഷത്തിന്റെ പലിശ രണ്ടു നേതാക്കളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. താമസീയാതെ 42 ലക്ഷവും പിൻവലിക്കപ്പെട്ടു. ഇതിനൊക്കെ ബാങ്ക് സ്റ്റേറ്റ് മെന്റ് ഉൾപെടെ തെളിവുമായാണ് വി.കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തെ സമീപിച്ചത്.
ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് ഈ പണം ഉപയോഗിച്ചു എന്ന് ആരോപണ വിധേയർ വിശദീകരിച്ചെങ്കിലും അങ്ങനെ ഒരു തീരുമാനം എടുത്തതിന് ഏരിയ കമ്മറ്റിയുടെ മിനിറ്റ്സിൽ തെളിവില്ല. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ ആരോപണം നേരിടുമ്പോഴും ജാഗ്രതക്കുറവ് മാത്രമാണുണ്ടായതെന്നും പണം നഷ്ടമായിട്ടില്ല എന്ന് മാത്രം സിപിഎം വിശദീകരിക്കുന്നു. എങ്കിൽ ആ 42 ലക്ഷം എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ സിപിഎം തയ്യാറാകുന്നുമില്ല. അതേസമയം എംഎൽഎ ഉൾപെട്ട സാമ്പത്തിക തിരിമറിയിൽ നിയമപരമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്
