വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബർ 28, 29 തീയ്യതികളില്‍ വാദം കേൾക്കാനാണ് മാറ്റിയത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് രണ്ട് ദിവസം വാദം കേൾക്കും.

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബർ 28, 29 തീയ്യതികളില്‍ വാദം കേൾക്കാനാണ് മാറ്റിയത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് രണ്ട് ദിവസം വാദം കേൾക്കും. ഹർജി ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട് പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു. കേസ് മാറ്റുന്നതിനെ ചൊല്ലി ചൂടേറിയ വാദമാണ് ഇന്ന് കോടതിയില്‍ ഉണ്ടായത്. ഇടക്കാല ഉത്തരവുള്ളതിനാൽ സിഎംആര്‍എല്‍ കേസ് മാറ്റാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു. കേസ് വാദിക്കാൻ എപ്പോൾ വേണമെങ്കിലും തയ്യാറാണെന്ന് എസ്എഫ്ഐഒ പ്രതികരിച്ചു.

കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പലക്കുറിയും മാറിപ്പോകുന്ന സാഹചര്യമാണെന്നും ഇതിനാൽ വാദം വേഗം കേട്ട് തീരുമാനം എടുക്കണമെന്നും എസ്എഫ്ഐഒ കഴിഞ്ഞ തവണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിർദ്ദേശിച്ചിരുന്നു. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനിടയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.