സിഎംആർഎല്ലിന്റെ ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച രേഖകൾ ബിജെപി നേതാവ് ഷോൺ ജോർജ്ജിന് ലഭിക്കില്ല. ഭാഗികമായി രേഖകൾ നൽകണമെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഷോൺ ജോർജ്ജിന് രേഖകൾ നൽകുന്നത് ചോദ്യം ചെയ്ത് സിഎംആർഎൽ കമ്പനി നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഭാഗികമായല്ല മുഴുവൻ രേഖകളും നൽകാൻ ആവശ്യപ്പെട്ട് ഷോൺ ജോർജ്ജും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി വിചാരണ കോടതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
എസ്എഫ്ഐഒ അന്വേഷണത്തിലെ കേസ് വിശദാംശങ്ങൾ, സിഎംആർഎൽ രാഷ്ട്രീയനേതാക്കൾക്ക് പണം നൽകിയതായി രേഖപ്പെടുത്തി ഡയറി ഉൾപ്പടെ ആവശ്യപ്പെട്ടാണ് ഷോൺ ഹർജി നൽകിയത്. എന്നാൽ വിസിൽ ബ്ലോവർ എന്ന നിലവയിലാണ് ഷോൺ സ്വയം അവതരിപ്പിക്കുന്നതെങ്കിലും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായ ഷോൺ രേഖകൾ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരണ കാരണമെന്നാണ് സിഎംആർഎൽ വാദിച്ചത്. ഇതോടെ രേഖകൾ ലഭിക്കാൻ ഷോണിന് ഇനി വീണ്ടും വിചാരണ കോടതിയെ സമീപിക്കേണ്ടി വരും. നിലവിൽ വിചാരണ കോടതിയിൽ സമർപ്പിച്ച എസ്എഫ്ഐഒ കുറ്റപത്രത്തിലെ തുടർനടപടികൾ അടുത്ത മാസം വരെ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.


