കോഴിക്കോട്: റെഡ് സോണില്‍ ഉള്‍പ്പെട്ട കോഴിക്കോട്ട് മാസ്ക്ക് പരിശോധന ശക്തമാക്കി പൊലീസ്. മാസ്ക്ക് ധരിച്ചില്ലെങ്കില്‍ കാല്‍നട യാത്രക്കാരും പിടിയിലാകും.  മാസ്ക്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പൊലീസ് വക മാസ്ക്കുമുണ്ട്. കര്‍ശന പരിശോധനയാണ് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ നടക്കുന്നത്. വെറുതെ റോഡിലിറങ്ങിയവരെ മാത്രമല്ല പൊലീസ് പിടികൂടുന്നത്. മാസ്ക്ക് ധരിച്ചില്ലെങ്കിലും പിടിവീഴും.

മാസ്ക്കില്ലാത്തവര്‍ക്ക് പൊലീസിന്‍റെ വക മാസ്ക്കും നൽകുന്നുണ്ട്. ഇത് ധരിപ്പിച്ച ശേഷമേ പോകാന്‍ അനുവദിക്കൂ. കോഴിക്കോട് ജില്ല റെഡ് സോണില്‍ ആയതുകൊണ്ട് തന്നെ കൊവിഡിനെതിരെയുള്ള ജാഗ്രത കർശനമാണ്.  65 വയസിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇത് പാലിക്കാത്തവര്‍ക്ക് കര്‍ശന താക്കീതാണ് പൊലീസ് നൽകുന്നത്. ജനങ്ങളുടെ സഹകരണമില്ലെങ്കില്‍ കോവിഡിനെ തുരത്താനാകില്ലെന്ന് തിരിച്ചറിയണമെന്നാണ് പോലീസിന്‍റെ ഉപദേശം