എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് താഴെയുള്ള ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ സമീപത്തുള്ള സരസ്വതിയുടെ വീടും പൂര്‍ണമായും കത്തിനശിച്ചു. മകൻ വന്ന് വിളിച്ച ഉടനെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടെന്ന് സരസ്വതി.

കൊച്ചി: എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് താഴെയുള്ള ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ സമീപത്തുള്ള വീടും പൂര്‍ണമായും കത്തിനശിച്ചു. ഗോഡൗണിനോട് ചേര്‍ന്ന് താമസിക്കുന്ന സരസ്വതി ഭാസ്കരന്‍റെ വീടാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. വീട്ടിലുണ്ടായിരുന്ന സരസ്വതിയും മകനും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ഞെട്ടലിലാണ് സരസ്വതി.

പുലര്‍ച്ചെ രണ്ടുമണിയായപ്പോള്‍ എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി വന്നശേഷമാണ് തീപിടിത്തമുണ്ടായത് അറിയുന്നതെന്ന് സരസ്വതി പറ‍ഞ്ഞു. ഇന്ന് ഞായറാഴ്ചയായതിനാൽ മകൻ വൈകിയാണ് ഉറങ്ങാറുള്ളത്. പുലര്‍ച്ചെ രണ്ടുമണിയായി കാണും. മകനോട് ഉറങ്ങുന്നില്ലേയെന്ന് ചോദിച്ചശേഷം മുറിയിലേക്ക് പോയി കിടന്നതായിരുന്നു. അപ്പോഴാണ് മകൻ ഓടിവാ അമ്മെ തീ കത്തുന്നുവെന്ന് വിളിച്ച് പറയുന്നത്. അപ്പോ തന്നെ അവിടെ നിന്ന് മാറുകയായിരുന്നു.

ഉടനെ ഫയര്‍ഫോഴ്സിനെ വിളിച്ചു. അപ്പുറത്തുള്ള റെയില്‍വെയുടെ സൊസൈറ്റിയിൽ കൊണ്ടുപോയി ഇരുത്തി. തീ പടര്‍ന്ന ഉടനെ കറന്‍റും പോയി. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. അവരുടെ കൃത്യമായ ഇടപെടലാണ് തീ അധികം പടരാതിരിക്കാൻ കാരണം. ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ അവര്‍ മാറ്റിവെച്ചിരുന്നുവെന്നും സരസ്വതി പറഞ്ഞു.

കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം: നെടുമ്പാശേരിയിൽ ഹോട്ടലിലും എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിലും തീ പട‍ർന്നു

YouTube video player