ആറാട്ടുപുഴ വലിയഴീക്കലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വലിയഴീക്കൽ മുല്ലശ്ശേരിൽ വി ബേബിയുടെ വീടിനാണ് തീപിടിച്ചത്
ആലപ്പുഴ: ആറാട്ടുപുഴ വലിയഴീക്കലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വലിയഴീക്കൽ മുല്ലശ്ശേരിൽ വി ബേബിയുടെ വീടിനാണ് തീപിടിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച സമയത്ത് ബേബിയും ഭാര്യയും മക്കളും മറ്റു മുറികളിലായി ഉറങ്ങിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വലിയഴീക്കൽ റോഡിലൂടെ സഞ്ചരിച്ച യുവാക്കളാണ് വീടിനുള്ളിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവരും വീട്ടുകാരും സമീപവാസികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് കായംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. വീടിന്‍റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. കട്ടിൽ, അലമാര, വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ വസ്തുവിന്‍റെ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും തീപിടിത്തത്തിൽ നശിച്ചു. ജനലുകൾക്കും വാതിലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റവന്യു അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.


