Asianet News MalayalamAsianet News Malayalam

13 വയസുകാരിക്കായി തിരുവനന്തപുരം കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 12 മണിക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളില്ല

കഴക്കൂട്ടം ജംഗ്ഷൻ വരെ കുട്ടി എത്തിച്ചേരുന്നത് സിസിടിവിയിൽ കാണാമെങ്കിലും അവിടെ നിന്ന് എവിടേക്കാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റ് സ്ഥലങ്ങളിൽ നിന്ന് ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കാണാനില്ല

massive search operations going on across thiruvananthapuram city for the missing 13 year old girl
Author
First Published Aug 21, 2024, 3:57 AM IST | Last Updated Aug 21, 2024, 5:29 AM IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പൊലീസ് വ്യാപക പരിശോധന നടത്തുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് റോഡുകളിലും ആരാധനാലയങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ പോലുള്ള സ്ഥലങ്ങളിലും ഒറ്റപ്പെട്ട മറ്റ് പ്രദേശങ്ങളിലുമെല്ലാം പൊലീസ് വിശദമായ തെരച്ചിൽ നടത്തുകയാണ്. പൊലീസിനൊപ്പം കഴക്കൂട്ടത്തെ നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം അന്വേഷണത്തിൽ പങ്കാളികളാണ്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം നേരിട്ട് അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. രാത്രി വൈകിയും ആക്കുളം പാലത്തിന് ചുവടെയുള്ള പ്രദേശങ്ങൾ പോലെ വിജനമായ സ്ഥലങ്ങളി‌ൽ പോലും പൊലീസ് സംഘമെത്തി തെരച്ചിൽ നടത്തി. ബീമാ പള്ളി പോലുള്ള ആരാധനാലയങ്ങളിലും ആളുകൾ കിടന്നുറങ്ങാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും പൊലീസ് എത്തി ഓരോ സ്ഥലത്തും ഉള്ളവരെ പരിശോധിച്ചു. നാല് മണിയോടെ ശംഖുമുഖത്തും പൊലീസ് എത്തി പരിശോധ നടത്തി. കുട്ടി തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടെന്ന പ്രതീക്ഷയാണ് ഇപ്പോഴും പൊലീസിനുള്ളത്.

Read also: കുട്ടി കഴക്കൂട്ടം ജംഗ്ഷൻ വരെ നടന്നുപോകുന്ന ദൃശ്യങ്ങൾ കിട്ടിയെന്ന് പൊലീസ്; നഗരത്തിൽ തന്നെയുണ്ടെന്ന് നിഗമനം

ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനുകളിലും പരിശോധന നടത്തുന്നുണ്ട്. വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് അസമിലെ സിൽചറിലേക്ക് പുറപ്പെട്ട അരോണയ് എക്സ്പ്രസിൽ കേരള പൊലീസും റെയിൽവെ സംരക്ഷണ സേനയും പാലക്കാട് വിശദമായ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി മൂന്ന് മണിക്കൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. 

കഴക്കൂട്ടം ജംഗ്ഷൻ വരെ കുട്ടി എത്തിച്ചേരുന്നത് സിസിടിവിയിൽ കാണാമെങ്കിലും അവിടെ നിന്ന് എവിടേക്കാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റ് സ്ഥലങ്ങളിൽ നിന്ന് ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കാണാനില്ല. രാത്രി വൈകിയതിനാൽ കടകളിൽ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും പ്രയാസം നേരിടുന്നുണ്ട്. രാവിലെയോടെ കൂടുതൽ ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read also: കുട്ടിയെ കണ്ടെത്താനായില്ല, ട്രെയിനിലെ പരിശോധന കോയമ്പത്തൂരിൽ അവസാനിപ്പിച്ച് കേരള പൊലീസ്; ആർപിഎഫ് പരിശോധന തുടരും

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കാണാതായ കുട്ടിയുടെ കൈവശം 50 രൂപ മാത്രമാണ് ഉള്ളതെന്ന് മാതാപിതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ വസ്ത്രങ്ങൾ എടുത്തിട്ടുണ്ട്. കേരളത്തിൽ എത്തിയിട്ട് ഒരു മാസത്തിൽ താഴെ മാത്രം ആയിട്ടുള്ളതിനാൽ കുട്ടിക്ക് ഇവിടെ ആരുമായും അടുപ്പമില്ല. അസാമീസ് ഭാഷയല്ലാതെ മറ്റൊരു ഭാഷയും കുട്ടിക്ക് അറിയില്ല. വീടിന് പുറത്തേക്ക് കാര്യമായി ഇറങ്ങിയിട്ടില്ലാത്തതിനാൽ പ്രദേശത്തെ വഴികളും അറിയില്ല. വീട്ടിൽ ഫോൺ ഉണ്ടായിരുന്നെങ്കിലും കുട്ടി അത് എടുത്തിട്ടുമില്ല. ഒരു സാധ്യതയും അവഗണിക്കാതെ എല്ലായിടത്തും പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ് ഇപ്പോഴും.

Read also:  തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; തിരുപ്പൂരിൽ നിന്ന് കാണാതായതെന്ന് സ്ഥിരീകരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios