കോട്ടയം: ''താമസമുണ്ട്. കമ്പ്യൂട്ടറെന്തോ ശരിയായില്ല പോലും. ഞങ്ങളൊക്കെ മേലാത്തോരാ മോനേ, മുട്ടുവേദന, ഹാർട്ടിന് രോഗം ഒക്കെ ഉള്ളവരാ'', കോട്ടയം സ്വദേശിനി ഭാർഗവിയമ്മ പറയുന്നു.

''ഹാർട്ടിന് അസുഖമുണ്ട്. വണ്ടി പിടിച്ചാ വന്നത്. ഇന്നിനി നടക്കാതെ തിരിച്ച് പോയാ പിന്നേം ഇങ്ങനെ വണ്ടി വിളിച്ച് വരണ്ടേ? അതുകൊണ്ട് ഇവിടിരിക്കുവാ'', എന്ന് നബീസുമ്മ. 

''നൂറ്റിച്ചില്വാനമാ എന്‍റെ ടോക്കൻ നമ്പർ. അതാകുമ്പഴക്ക് വൈകുന്നേരമാകുവെന്നാ തോന്നണത്'', എന്ന് കേശവൻ. 

ഇതായിരുന്നു കോട്ടയം നഗരത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ ഇന്നത്തെ അവസ്ഥ. സാമൂഹ്യക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും അനര്‍ഹര്‍ വാങ്ങുന്നത് തടയാൻ അക്ഷയ കേന്ദ്രങ്ങള്‍ വഴി ആരംഭിച്ച മസ്റ്ററിംഗ് സംവിധാനം വീണ്ടും സംസ്ഥാനമെമ്പാടും തടസ്സപ്പെട്ടു. കോട്ടയം ജില്ലയില്‍ രാവിലെ അക്ഷയ കേന്ദ്രങ്ങളിലെത്തിയ നിരവധി പേര്‍ വിവരങ്ങള്‍ പുതുക്കാനാകാതെ തിരികെ പോയി.‍ സെര്‍വര്‍ പണിമുടക്കിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

കോട്ടയം ജില്ലയിലെ ഒട്ടുമിക്ക അക്ഷയ സെന്‍റുകളിലും വിവരം പുതുക്കാനെത്തിയ വയോധികര്‍ സര്‍വര്‍ പണിമുടക്കിയതിനാല്‍ വിവരങ്ങള്‍ നല്‍കാനാകാതെ മടങ്ങി. ചിലര്‍ സെര്‍വര്‍ ശരിയാകും എന്ന പ്രതീക്ഷയില്‍ കാത്തിരുന്നു, വൈകുന്നേരം വരെ. ഒരു നേരം കഴിഞ്ഞപ്പോൾ അവരും മടങ്ങി. വൈകിട്ട് വരെ, ഏതാണ്ട് കൊടുത്ത ടോക്കണുകളിൽ ഇരുപത് നമ്പർ വരെ മാത്രമാണ് പലയിടത്തും മസ്റ്ററിംഗ് തീർത്ത് നൽകിയത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ പ്രശ്നമുണ്ടായപ്പോള്‍ സര്‍ക്കാർ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജില്ലകളെ രണ്ട് ക്ലസറ്ററുകളാക്കി മാറ്റി ഇത്രയധികം അക്ഷയകേന്ദ്രങ്ങളിൽ നിന്ന് ഒരുമിച്ച് ലോഗിൻ ചെയ്യുന്നത് ഒഴിവാക്കി. അതും ഫലം കാണാഞ്ഞ്, വാര്‍ഡ് അടിസ്ഥാനത്തില്‍ മസ്റ്ററിംഗ് ഏര്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. രാവിലെ പത്ത് മിനിട്ട് സമയം വരെ വലിയ കുഴപ്പങ്ങളില്ലായിരുന്നു. പിന്നീട് സെര്‍വര്‍ പ്രവര്‍ത്തനം സാവധാനത്തിലാകുകയും ഒരാളുടെ വിവരം ചേര്‍ക്കാൻ മുക്കാല്‍ മണിക്കൂര്‍ വരെ എടുക്കുകയും ചെയ്തു. 

''സിസ്റ്റം സ്റ്റക്കാവുകയാണ്. പലപ്പോഴും വളരെ മന്ദഗതിയിലാകുന്നു. ഒടുവിൽ സിസ്റ്റം റീസ്റ്റാർട്ട് ചെയ്തപ്പോൾ ഇപ്പോൾ ലോഗിൻ ചെയ്യാനും പറ്റുന്നില്ല'', അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരനായ സണ്ണി പറയുന്നു. 

ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ഓരോ ജില്ലകളും ക്രമീകരിച്ചിരിക്കുന്നതിനാല്‍ കോട്ടയം ജില്ലക്കാര്‍ ഇനി മറ്റെന്നാളെ മസ്റ്ററിംഗിന് സാധിക്കൂ. ഡിസംബര്‍ 15 വരെ വിവരങ്ങള്‍ പുതുക്കി നല്‍കാനുള്ള സൗകര്യമുണ്ട്.