മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണങ്ങൾ കടുപ്പിക്കും എന്ന് തന്നെയാണ് കുഴൽനാടൻ വ്യക്തമാക്കുന്നത്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും എക്സാലോജിക് കമ്പനിക്കും സി എം ആർ എല്ലിനുമെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന സൂചനയുമായി മാത്യു കുഴൽനാടൻ രംഗത്ത്. മാസപ്പടി പാർട്ട് 3 എന്ന ഫേസ്ബുക്ക് കുറിപ്പുമായാണ് കുഴൽനാടൻ രംഗത്തെത്തിയത്. നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും എന്നും കുഴൽനാടൻ വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും സി എം ആർ എല്ലിനുമെതിരെ ആരോപണങ്ങൾ കടുപ്പിക്കും എന്ന് തന്നെയാണ് കുഴൽനാടന്‍റെ പുതിയ പോസ്റ്റിലൂടെ വ്യക്തമാകുന്നത്.

പൊങ്കാല തിരക്കല്ലേ, നൈസായിട്ട് കാര്യം നടത്താൻ ഇറങ്ങി, ബാലു, റെജി, പിന്നെ രണ്ടുപേരും; തമ്പാനൂരിൽ പിടിവീണു

അതേസമയം മാസപ്പടി വിവാദത്തിൽ കഴിഞ്ഞ ദിവസം കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ എം എൽ എ രംഗത്തെത്തിയിരുന്നു. കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയും 2017 ൽ മുഖ്യമന്ത്രിക്ക് സി എം ആർ എൽ നിവേദനം സമർപ്പിച്ചതായുള്ള രേഖകളുമായാണ് കുഴൽനാടൻ കഴിഞ്ഞ ദിവസം രംഗത്തുവന്നത്. 2017 ൽ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സി എം ആർ എൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ 4 വർഷത്തിനിടെ 56 കോടിയുടെ ലാഭത്തിൽ എത്തിയെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു. കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരിൽ തോട്ടപ്പള്ളിയിലെ മണൽ നീക്കം ചെയ്ത്തിലൂടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. ഇതിന്റെ ലാഭം കൊയ്തത് സി എം ആർ എൽ ആണെന്നും അതിന്റെ പ്രതിഫലമാണ് എക്‌സാലോജിക്കിന് ലഭിച്ചതെന്നും കുഴൽനാടൻ ആരോപിച്ചിരിന്നു. ഇതിന് പിന്നാലെയാണ് നാളെ കൂടുതൽ ആരോപണങ്ങളുണ്ടാകുമെന്ന സൂചന കുഴൽനാടൻ എം എൽ എ ഫേസ്ബുക്കിലൂടെ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ എം എൽ എ ആരോപണം കടുപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം