ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്.

തിരുവനന്തപുരം: സോഷ്യല്‍മീഡിയകളില്‍ തുടരുന്ന സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് ആര്യയ്ക്ക് നേരെ സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണം ആരംഭിച്ചത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയില്‍ പറയുന്നു. 

അതേസമയം, വാക്കുതര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്. 

ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മേയര്‍ പദവി ദുരുപയോഗം ചെയ്താണ് ബസ് തടഞ്ഞതെന്ന് അനില്‍ കുമാര്‍ ആരോപിച്ചു. തലസ്ഥാനത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെയാണ് മുറവേല്‍പ്പിച്ചതെന്നും സമൂഹത്തോട് മേയര്‍ മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. 

ഇതോടെ ഡ്രൈവറെ പിരിച്ചുവിടാന്‍ പ്രമേയം പാസാക്കണമെന്ന് സിപിഎം അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിപിഎം അംഗം ഡോ. ആര്‍ അനില്‍ പ്രമേയം അവതരിപ്പിച്ചു. വാക്കാലുള്ള പ്രമേയം തുടര്‍ന്ന് പാസാക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ വസ്തുത അറിയാന്‍ ഫോണ്‍ പോലും വിളിച്ചിട്ടില്ലെന്ന് ആര്യ രാജേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. പ്രമേയ ചര്‍ച്ചക്കിടെ വിതുമ്പി കൊണ്ടാണ് മേയര്‍ മറുപടി നല്‍കിയത്. താന്‍ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണ്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നേരിടുന്നത്. ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ല. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ ആരോപിച്ചു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിക്ഷേപിച്ചതിനാണ് പ്രതികരിച്ചത്. സത്യാവസ്ഥ പുറത്തു വരും. സംഭവത്തില്‍ പ്രതികരിക്കുന്നതിന് മുന്‍പ് മന്ത്രിയെയും പൊലീസിനെയും അറിയിച്ചുവെന്നും ആര്യ പറഞ്ഞു.

'ഇടവിട്ട മഴ, പലതരം പകര്‍ച്ചവ്യാധികൾക്ക് സാധ്യത'; അതീവ ജാഗ്രത വേണം, നിർദേശങ്ങളുമായി മന്ത്രി

YouTube video player