Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം; സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷിക്കും

സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും. പ്രശ്‍നം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തു എന്നാണ് വിവരം.

mayor arya rajendran letter controversy CPM and Crime Branch will investigate
Author
First Published Nov 7, 2022, 1:39 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്‍കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്. സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും. അതേസമയം, മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്‍റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.

അതേസമയം, മേയറുടെ കത്ത് വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം രൂക്ഷമാവുകയാണ്. നഗരസഭയിൽ മണിക്കൂറുകളായി ബഹളം തുടരുകയാണ്. ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടി. വിവിധ ആവശ്യങ്ങൾക്ക് എത്തിയവരെ ഉൾപ്പെടെ പ്രതിഷേധക്കാർ പൂട്ടിയിട്ടു. സംഘർഷത്തിൽ അകപ്പെട്ട പ്രായമായവർ അടക്കം പൊട്ടിക്കരയുന്ന അവസ്ഥ ഉണ്ടായി. നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ ഒരു കണ്ണൻമൂലയിലെ കൗൺസിലർക്ക് ശരണ്യക്ക് പരിക്കേറ്റു. സിപിഎം - ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റത്. കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ സമരവും നടക്കുന്നുണ്ട്. 

Also Read: കത്ത് വിവാദം ആളി കത്തുന്നു, തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം, ബിജെപി-സിപിഎം കയ്യാങ്കളി

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
 

Follow Us:
Download App:
  • android
  • ios