സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് പരിശോധനയ്ക്കായി ആര്‍ടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി. ബസ് പരിശോധനയ്ക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം ജില്ലാ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ (എടിഒ) സ്ഥലം മാറ്റി. എടിഒ മുഹമ്മദ് ബഷീറിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്.

സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു. മേയറുമായുണ്ടായ തര്‍ക്കം നടന്നതിന്‍റെ പിറ്റേ ദിവസം തന്നെ ബസ് വീണ്ടും സര്‍വീസ് നടത്തിയിരുന്നു. തൃശൂരിലേക്കാണ് സര്‍വീസ് നടത്തിയത്. ഇതിനിടയിലായിരുന്നു ആര്‍ടിഒയുടെ പരിശോധന.സ്പീഡ് ഗവര്‍ണര്‍ കേബിള്‍ മാറ്റിയ നിലയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ബസിന് വേഗപ്പൂട്ട് ഇല്ലെന്ന് കാണിച്ച് ആര്‍ടിഒ റിപ്പോര്‍ട്ടും നല്‍കി.

തുടര്‍ന്ന് വിവാദ ബസ് പരിശോധനകളില്ലാതെ ഓട്ടം പോയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ആര്‍ടിഒ നടത്തിയ പരിശോധനയില്‍ ക്രമക്കേടും കണ്ടെത്തിയതോടെ ഗതാഗത വകുപ്പിന് വലിയ നാണക്കേടുമായി. ഇതോടെയാണ് ബസ് പരിശോധനയ്ക്ക് വിട്ടു കൊടുത്ത ഉദ്യോഗസ്ഥനെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിറക്കിയത്. സംഭവം നടന്നശേഷം ആര്‍ടിഒയും പൊലീസും ബസ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നില്ല.

ഇതോടെയാണ് സംഭവം നടന്ന പിറ്റേദിവസം തന്നെ നിയമപ്രകാരം ബസ് സര്‍വീസിനായി എടിഒ വിട്ടുകൊടുത്തത്. എന്നാല്‍, ബസ് നിരത്തിലിറങ്ങിയ ശേഷമാണ് പരിശോധനയ്ക്കായി ആര്‍ടിഒ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് പരിശോധന നടന്നത്. സംഭവം നടന്നശേഷം ജാഗ്രത കാണിക്കാതെ ബസ് സര്‍വീസ് നടത്തുന്നതിനിടെ ആര്‍ടിഒയ്ക്ക് പരിശോധന നടത്തുന്നതിനായി വിട്ടുകൊടുത്തത് ഉദ്യോഗസ്ഥന്‍റെ വീഴ്ചയാണെന്ന് ചൂണ്ടികാണിച്ചാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ നടപടിയെന്നാണ് ആരോപണം.മേയര്‍-കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തിലെ നിര്‍ണായക തെളിവായ ബസിലെ മെമ്മറി കാര്‍ഡ് കാണാതെ പോയ സംഭവവും വലിയ വിവാദമായിരുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ക്രിമിനൽ കേസില്ല; മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊലീസിൻ്റെ മറുപടി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates