അത് ഫൗൾ ആണെന്ന് നേരത്തേ ഞാൻ പറഞ്ഞത് സാങ്കേതികമായി ശരിയല്ല എന്നു സമ്മതിക്കുന്നു.കാരണം ബോൾ അൽവാരിസ് കാലിലാക്കിയ ശേഷമാണ് സാല വീഴുന്നത്.ബോൾ നേടാൻ വേണ്ടി ഫൗൾ ചെയ്തു എന്നു പറയാനാവില്ല.റിപ്ലേകളിൽ ഇതാണ് വ്യക്തമാകുന്നത്.
തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പിലെ വിവാദമായ അർജന്റീന-ഈജിപ്ത് മത്സരത്തെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം ബി രാജേഷ്. ആദ്യത്തെ പോസ്റ്റിൽനിന്ന് തിരുത്തുമായാണ് അദ്ദേഹം വീണ്ടും ഫെയ്സ്ബുക്കിൽ പുതിയ കുറിപ്പ് പങ്കുവെച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
''ഒരേയൊരു ഭേദഗതിയോടെ ഇന്നലത്തെ അർജൻറീന- ഈജിപ്ത് കളിയെ കുറിച്ചുള്ള പോസ്റ്റ് റീ പോസ്റ്റ് ചെയ്യുന്നു.
ഈജിപ്തിന്റെ ഗോൾ അനുവദിക്കാതിരുന്ന VAR ന്റെ (ഫീൽഡ് റഫറിയുടെയല്ല)നടപടി തെറ്റായിരുന്നുവെന്ന വാദത്തിൽ യാതൊരു മാറ്റവുമില്ല. ഓൺ ഫീൽഡ് റഫറി ഫൗൾ വിളിക്കാതിരുന്ന നിസ്സാരമായ ഒരു നോർമൽ Normal contact മാത്രമായിരുന്നു അത്. റഫറിക്ക് ഫൗളല്ലെന്ന് വ്യക്തമായി ബോദ്ധ്യമായതിനാലാണ് അങ്ങിനെ വിധിക്കാതിരുന്നതും പന്ത് കരസ്ഥമാക്കി നൂറുമീറ്ററോളം താണ്ടി ഈജിപ്തിന് ഗോൾ നേടാൻ കഴിഞ്ഞതും.എന്നാൽ VAR ൻ്റെ ഇടപെടലിലാണ് ഈ Normal Contact ഫൗൾ ആണെന്ന് വിധിച്ചതും ഗോൾ നിരസിക്കപ്പെട്ടതും. ഇത് നീതിക്ക് നിരക്കാത്ത അതി സാങ്കേതികത്വം മാത്രമാണെന്നേ പറയാനാവു.അതുപോലെ തന്നെ അർജൻറീന ബോക്സിൽ വച്ച് മുഹമ്മദ് സലായിൽ നിന്ന് അൽവാരിസ് പന്ത് തട്ടിയെടുത്തപ്പോഴും Normal Contact മാത്രമാണ് ഉണ്ടായത്. ഫൗൾ ഇല്ല എന്ന കാര്യം അംഗീകരിക്കുന്നു. അത് ഫൗൾ ആണെന്ന് നേരത്തേ ഞാൻ പറഞ്ഞത് സാങ്കേതികമായി ശരിയല്ല എന്നു സമ്മതിക്കുന്നു.കാരണം ബോൾ അൽവാരിസ് കാലിലാക്കിയ ശേഷമാണ് സാല വീഴുന്നത്.ബോൾ നേടാൻ വേണ്ടി ഫൗൾ ചെയ്തു എന്നു പറയാനാവില്ല.റിപ്ലേകളിൽ ഇതാണ് വ്യക്തമാകുന്നത്.
ഫുട്ബോളും ക്രിക്കറ്റും സംബന്ധിച്ച ഏറ്റവും ആധികാരികമായി സംസാരിക്കാൻ കഴിയുന്ന വിദഗ്ദ്ധനാണ് ശ്രീ ദിലീപ് പ്രേമചന്ദ്രൻ. ദി ഗാർഡിയന്റെ മുൻ സ്പോർട്സ് ലേഖകൻ. അദ്ദേഹത്തിൻറെ ഒരു വിശകലനം കാണുകയുണ്ടായി. അദ്ദേഹം പറയുന്നത്, സാലയുടെ ഫൗൾ അനുവദിക്കാതിരുന്നതും അർജൻ്റീനയുടെ മൂന്നാം ഗോൾ അനുവദിച്ചതും ശരി. എന്നാൽ ഈജിപ്തിൻ്റെ ഫൗളിൻ്റെ പേരിൽ ഗോൾ അനുവദിക്കാത്ത VAR ൻ്റെ നടപടി തെറ്റ് എന്നാണ്. ഈജിപ്തിനെതിരായ ഫൗൾ സാധാരണമായ ഒരു contact മാത്രമാണെന്നും അതുകൊണ്ടാണ് റഫറി ഫൗൾ വിളിക്കാതിരുന്നതെന്നും ദിലീപ് യുക്തിസഹമായി വിശദീകരിക്കുന്നു. VARൻ്റെ സങ്കീർണമായ സാങ്കേതികത്വം അനീതിയായി മാറിയത് ഈജിപ്തിൻ്റേതെന്ന പോലെ ക്രൊയേഷ്യയുടെ ഗോളിൻ്റെ കാര്യത്തിലും ബാധകമാണ്.
ഇന്നലെ അവസാന 15 മിനിട്ട് അർജൻറീന ഗംഭീരമായി കളിച്ചു. മെസ്സിയുടെ തകർപ്പൻ ഗോൾ അടക്കം അവരുടെ മൂന്നു ഗോളും ഉജ്ജ്വലമായിരുന്നു.രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു. സംശയമില്ല.ഒരുപക്ഷേ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ മത്സരം അർജൻറീന ജയിക്കുമായിരുന്നു.VAR ൻ്റെ വിവാദമുണ്ടായിരുന്നില്ലെങ്കിൽ രണ്ടോ മൂന്നോ ഗോളിന് പിന്നിൽ നിന്ന ശേഷമുള്ള ആ ജയം എത്ര മനോഹരമാകുമായിരുന്നു. ഒരു പക്ഷേ മുഴുവൻ സമയത്തു തന്നെയോ ഷൂട്ടൗട്ടിലോ അവർ പരാജയപ്പെടുകയും ചെയ്‌തേക്കാം.അതാണല്ലോ ഫുട്ബോൾ. ആ അപ്രവചനീയതയാണല്ലോ ഫുട്ബോളിനെ ആവേശഭരിതമാക്കുന്നത്.അല്ലാതെ എപ്പോഴും പ്രതീക്ഷിത ഫലം മാത്രം കണ്ട് സായൂജ്യം അടയാനല്ലല്ലോ കോടിക്കണക്കിന് ഫുട്ബോൾ പ്രേമികൾ കളികാണുന്നത്.
ലോകകപ്പിലെ രാഷ്ട്രീയം
തങ്ങളുടെ കളിക്കാരന്റെ ചുവപ്പുകാർഡ് അമേരിക്കൻ പ്രസിഡണ്ട് ഫോണിൽ വിളിച്ച് ഫിഫ നിയമത്തിന് പുല്ലു വില കല്പിച്ച് റദ്ദാക്കിക്കുന്ന തരം ഇടപെടൽ നടക്കുന്ന ഒരു ലോകകപ്പിൽ ഫിഫ സംശയനിഴലിലാവുന്നത് സ്വാഭാവികമല്ലേ ? ട്രംപിനേയും ഫിഫയേയും വിമർശിച്ചത് യുവേഫയാണ്.അമേരിക്കയുടെ തോൽവിയും റദ്ദാക്കുമോ എന്നു പരിഹസിച്ചത് ബെൽജിയം ഫുട്ബാൾ ഫെഡറേഷനാണ്.ഫിഫയുടേയും ലോകകപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സ്വയം വരുത്തിവെച്ചതാണ്.
ചരിത്രത്തിൽ ഏകാധിപതികൾ പലപ്പോഴും ഫുട്ബോളിനെ തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിച്ചിട്ടുണ്ട്. 1978 ൽ അർജൻറീനയുടെ വിജയത്തിന് പിന്നിൽ പട്ടാള ഏകാധിപതി വിദേലയുടെ ഇടപെടലും 1934 ൽ ഇറ്റലിക്കായി മുസോളിനിയുടെ ഇടപെടലും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.ബ്രസീലിയൻ മുൻ പ്രസിഡൻ്റും സ്വയം പ്രഖ്യാപിത ഫാസിസ്റ്റുമായ ബോൾസനാരോയുടെ പോസ്റ്റർ ബോയ് ആയിരുന്നു നെയ്മർ. ട്രമ്പിന്റെ ഉറ്റമിത്രവും സയണിസ്റ്റുമായ അർജൻറീനയുടെ ഇപ്പോഴത്തെ തീവ്ര വലതുപക്ഷ പ്രസിഡണ്ടിനും ഇപ്പോൾ ഒരു ലോകകപ്പ് അർജൻ്റീനയിലെത്തിയാൽ കൊള്ളാമെന്ന് തോന്നാൻ കാരണങ്ങൾ ധാരാളമുണ്ട്.ഉദാരവൽക്കരണ നയങ്ങൾ മൂലം അർജൻറീന കടുത്ത സാമ്പത്തിക കുഴപ്പത്തിലാണ്. ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നു.പട്ടാളക്കാർക്ക് ശമ്പളം കൊടുക്കാനില്ലാത്തതിനാൽ മറ്റു ജോലികൾ ചെയ്യാൻ അനുവാദം കൊടുത്തിരിക്കുകയാണ്.വിലക്കയറ്റം ആകാശം മുട്ടെ ഉയർന്നിരിക്കുന്നു.ജനരോഷം വഴി തിരിച്ചുവിടണമല്ലോ. സ്കൂൾ യുവജനോത്സവത്തിലെ അപ്പീൽ അനുവദിക്കാൻ വിളിച്ചു പറയുന്ന എംഎൽഎമാരെപ്പോലെ വെറും ഒരു ചുവപ്പുകാർഡ് റദ്ദാക്കാൻ ഇടപെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിൻറെ, അതും ആതിഥേയ രാഷ്ട്രത്തിൻറെ പ്രസിഡൻ്റ് ഉറ്റമിത്രത്തെ സഹായിക്കാനും ഇടപെട്ടിട്ടുണ്ടാവുമെന്ന് ആരെങ്കിലും സംശയിച്ചാൽ തങ്ങളുടെ പ്രവൃത്തികൾ കൊണ്ട് ആസംശയം ഉണ്ടാക്കിയതിൻ്റെ ഉത്തരവാദിത്തം ട്രംപിനും ഫിഫക്കും മാത്രമാണ്.ചിലപ്പോൾ ഇത് ഒരു അതിവായനയായി തോന്നാം.പക്ഷേ ട്രമ്പ്- ഇൻഫാൻ്റിനോ കൂട്ടുകെട്ടിൻ്റെ ചെയ്തികളാണ് എല്ലാറ്റിനും ഹേതു.ലോകകപ്പിൻ്റെ തുടക്കം മുതൽ ചില രാജ്യങ്ങളിലെ കളിക്കാർ,ഒഫീഷ്യലുകൾ,റഫറിമാർ എന്നിവരോടൊക്കെ കാണിച്ച വിവേചനത്തിലൂടെ ലോകകപ്പിൻ്റെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിച്ചവർ അവരാണ്.
നീതിരഹിതമായ ഒരു ലോകക്രമത്തിൽ മൈതാനങ്ങളിൽ മാത്രം നീതി പുലരുമെന്ന് വ്യാമോഹിക്കരുത്. വർഗ്ഗ വിഭജിത ലോകത്ത് മറ്റെല്ലായിടത്തുമെന്നപോലെ കളിമൈതാനങ്ങളിലും തുല്യനീതിയല്ല,പലപ്പോഴും അധീശ വർഗ്ഗനീതി നടപ്പാക്കപ്പെടാം.അതു മഞ്ഞയോ ചുവപ്പോ കാർഡായും വംശീയ അധിക്ഷേപമായുമൊക്കെ വരാം.പ്രത്യേകിച്ചും കളിമൈതാനങ്ങളിലേക്ക് കുത്തിയൊഴുകുന്ന വൻകിട മൂലധനവും അധീശ രാഷ്ട്രീയവും തമ്മിൽ ഇണചേരുമ്പോൾ.
1986 മുതൽ ഞാനൊരു അർജൻറീന ആരാധകനാണ്. അർജൻറീന തോറ്റപ്പോഴും 'ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ' എന്ന മട്ടിൽ അർജൻറീനിയൻ ഫുട്ബോളിനെ കാല്പനികമായി സ്നേഹിക്കുന്നയാൾ. പക്ഷേ ഇന്ന് പറയട്ടെ ഫുട്ബാളാണ് മറ്റെന്തിനേക്കാൾ പ്രധാനം.ഫുട്ബാൾ പോലെ വേഗമേറിയ ഒരു കളിയിൽ മുടിനാരിഴയിൽ തട്ടിയതിന് ഗോൾനിഷേധിക്കുന്നതുപോലുള്ള ബോറൻ സാങ്കേതികത്വം VARലൂടെ അടിച്ചേല്പിക്കുന്നതും ഹൈഡ്രേഷൻ ബ്രേക്കുമെല്ലാം അതിൻ്റെ സ്വാഭാവികതയെ നശിപ്പിക്കും.തീർച്ചയായും സാങ്കേതിക വിദ്യയെ ഉപയോഗിക്കാം.അത് കളിയെ മെച്ചപ്പെടുത്താൻ ഉതകുന്നിടത്തോളം മാത്രം.അല്ലാതെ സാങ്കേതികത്വത്തിൽ കുരുക്കിയിട്ട് കളിയെതന്നെ യാന്ത്രികമാക്കാനാവരുത്.''


