Asianet News MalayalamAsianet News Malayalam

'ഡികെ ശിവകുമാറിന്റെ ആ വലിയ പ്രഖ്യാപനം'; കേരളം കഴിഞ്ഞ വര്‍ഷം തന്നെ നടപ്പാക്കി തുടങ്ങിയതെന്ന് എംബി രാജേഷ് 

'കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പാക്കും എന്നാണ് ഡി കെ ശിവകുമാര്‍ പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണവും അദ്ദേഹം പറയുന്നു.'

mb rajesh reaction on dk shivakumars building plan approvals self-declaration remarks joy
Author
First Published Jan 21, 2024, 9:34 AM IST

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാന്‍ അപ്രൂവല്‍ സംബന്ധിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രിയും മന്ത്രിയുമായ ഡികെ ശിവകുമാര്‍ കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനം, കഴിഞ്ഞ വര്‍ഷം മുതല്‍ കേരളം നടപ്പാക്കി കഴിഞ്ഞതാണെന്ന് മന്ത്രി എംബി രാജേഷ്. കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത്, ഇപ്പോള്‍ ബംഗളൂരുവില്‍ നടപ്പാക്കും എന്നാണ് ശിവകുമാര്‍ പറഞ്ഞത്. വിമര്‍ശകരും കേരളത്തെ ഇകഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരും ഇത് കാണുന്നുണ്ടോയെന്നും മന്ത്രി രാജേഷ് ചോദിച്ചു. 

'ബംഗളൂരു നഗരത്തില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാന്‍ അപ്രൂവല്‍ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാക്കാന്‍ കര്‍ണാടക ആലോചിക്കുന്നു എന്നാണ് ശിവകുമാര്‍ പറഞ്ഞത്. അതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്, ആളുകള്‍ക്ക് പെര്‍മിറ്റ് കിട്ടാന്‍ നെട്ടോട്ടം ഓടേണ്ടി വരുന്നു. ആറു മാസം വരെ കാത്തിരിക്കേണ്ട ദുരനുഭവം ഉണ്ടാകുന്നു. അതെല്ലാം പരിഹരിക്കാനാണെന്നാണ് ഡികെ ശിവകുമാര്‍ പറയുന്നത്. കേരളത്തില്‍ മാത്രമുണ്ടായിരുന്ന പ്രശ്‌നമല്ല, രാജ്യമാകെ ഈ പ്രശ്‌നമുണ്ടെന്നര്‍ത്ഥം.' അത് പരിഹരിക്കാന്‍ കേരളം സ്വീകരിച്ച മാര്‍ഗം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും വഴി കാണിക്കുകയാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. 

എംബി രാജേഷിന്റെ കുറിപ്പ്: വിമര്‍ശകരും കേരളത്തെ ഇകഴ്ത്താന്‍ മാത്രം തക്കം പാര്‍ത്തിരിക്കുന്നവരും ഇത് വല്ലതും കാണുന്നുണ്ടോ? പറയുന്നത് ഡി കെ ശിവകുമാറാണ്. കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയും നഗരവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയും കൂടിയായ ഡി കെ ശിവകുമാര്‍ തന്നെയാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാന്‍ അപ്രൂവല്‍ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാക്കാന്‍ കര്‍ണാടക ആലോചിക്കുന്നു എന്നതാണ് ഡി കെ ശിവകുമാറിന്റെ വലിയ പ്രഖ്യാപനം. കേരളം കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിന്റെ മറ്റൊരു മാതൃക കൂടി ദേശീയ തലത്തില്‍ അനുകരിക്കപ്പെടുന്നു. 

കേരളത്തില്‍ അപേക്ഷകന്‍ സാക്ഷ്യപ്പെടുത്തല്‍ നല്‍കിയാല്‍ മതിയെങ്കില്‍, ബാംഗ്ലൂരില്‍ ആര്‍ക്കിടെക്ടുകള്‍ സാക്ഷ്യപ്പെടുത്തണം. 300 സ്‌ക്വയര്‍ മീറ്റര്‍ അതായത്  ഏകദേശം മൂവായിരത്തി ഇരുന്നൂറോളം സ്‌ക്വയര്‍ഫീറ്റ് വരെയുള്ള വീടുകള്‍ക്കും മറ്റ് വിഭാഗങ്ങളിലെ ലോ റിസ്‌ക്ക് കെട്ടിടങ്ങള്‍ക്കും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അപ്രൂവല്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ 10 മുതല്‍ കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. നേരിട്ടുള്ള സ്ഥല പരിശോധനയുടെ ആവശ്യമില്ല. ലൈസന്‍സ്ഡ് എഞ്ചിനീയര്‍മാര്‍ സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ പെര്‍മിറ്റ് ലഭിക്കും. ഇപ്പോള്‍ കെ സ്മാര്‍ട്ടിലാണെങ്കില്‍ ചട്ടപ്രകാരമുള്ള പ്ലാന്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ ഓണ്‍ലൈനായി തന്നെ മിനുറ്റുകള്‍ക്കകം 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകള്‍ക്കും മറ്റ് വിഭാഗങ്ങളിലെ ലോ റിസ്‌ക് കെട്ടിടങ്ങള്‍ക്കും ബില്‍ഡിംഗ് പെര്‍മിറ്റ് കിട്ടും. പ്ലാന്‍ ചട്ട പ്രകാരമാണോ എന്ന് പരിശോധിക്കുന്നത് സോഫ്റ്റ് വെയര്‍ തന്നെയാണ്. നേരിട്ട് ഉദ്യോഗസ്ഥന്റെ മുന്നില്‍ പോയി നില്‍ക്കേണ്ട ആവശ്യമില്ല.

കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പാക്കും എന്നാണ് ഡി കെ ശിവകുമാര്‍ പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണവും അദ്ദേഹം പറയുന്നു. ആളുകള്‍ക്ക് പെര്‍മിറ്റ് കിട്ടാന്‍ നെട്ടോട്ടം ഓടേണ്ടി വരുന്നു. ആറു മാസം വരെ കാത്തിരിക്കേണ്ട ദുരനുഭവം ഉണ്ടാകുന്നു. അതെല്ലാം പരിഹരിക്കാനാണെന്നാണ് ഡി കെ ശിവകുമാര്‍ പറയുന്നത്. കേരളത്തില്‍ മാത്രമുണ്ടായിരുന്ന പ്രശ്‌നമല്ല, രാജ്യമാകെ ഈ പ്രശ്‌നമുണ്ടെന്നര്‍ത്ഥം. അത് പരിഹരിക്കാന്‍ കേരളം സ്വീകരിച്ച മാര്‍ഗ്ഗം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും വഴി കാണിക്കുകയാണ്. ഇതിനകം തന്നെ കെ സ്മാര്‍ട്ട് കര്‍ണാടകയില്‍ നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കേരളവുമായി ധാരണാ പത്രം ഒപ്പു വച്ചു കഴിഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകളും ഇതിനായി ഐ കെ എമ്മിനെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സഹിക്കാനാവുന്ന കാര്യമല്ല ഇതൊന്നും. അവര്‍ കാണാത്ത മട്ടില്‍ കണ്ണടച്ച് ഇരുട്ടാക്കട്ടെ.

'രണ്ടും കല്‍പ്പിച്ച് ഗണേഷ്, അത്തരം പരിപാടികൾ ഇനി നടക്കില്ല'; കെഎസ്ആര്‍ടിസി 'സ്മാർട്ട് സാറ്റർഡേ'യ്ക്ക് തുടക്കം 
 

Latest Videos
Follow Us:
Download App:
  • android
  • ios