Asianet News MalayalamAsianet News Malayalam

പിണറായി മന്ത്രിസഭയിലേക്ക് പുതിയ മന്ത്രി; എംബി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം. രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്

mb rajesh swearing in as minister today
Author
First Published Sep 6, 2022, 12:27 AM IST

തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജി വെച്ച എംബി രാജേഷ് ഇന്ന് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. 

സ്പീക്കര്‍ പദവി രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു.അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷമേ എംബി രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം. രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. മന്ത്രിയായി  രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയാണെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും എംബി രജേഷ് അഭ്യർഥിച്ചു.

വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എംബി രാജേഷിന്‍റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്. 

സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും  എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത  ഷംസീറിൻ്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.  എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥൻ്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക. 

Read More :  'മന്ത്രിസ്ഥാനം പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല', ഷംസീര്‍ സഭയെ നയിക്കാന്‍ കഴിവുള്ളയാളെന്ന് എം ബി രാജേഷ്

Follow Us:
Download App:
  • android
  • ios