Asianet News MalayalamAsianet News Malayalam

'89 വയസ്സുള്ള തള്ളയെ കൊണ്ടാണോ പരാതി കൊടുക്കുന്നത്'; പരാതിക്കാരോട് ഉറഞ്ഞുതുള്ളി വനിത കമ്മീഷൻ അധ്യക്ഷ

89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം. 

MC Josephine rude behavior to petitioner
Author
Thiruvalla, First Published Jan 22, 2021, 5:32 PM IST

പത്തനംതിട്ട: വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ പരാതിക്കാരിയായ 89-കാരിയെ ആക്ഷേപിച്ച് വനിത കമ്മീഷൻ അധ്യക്ഷൻ എം.സി.ജോസഫൈൻ. അയൽവാസി വീട്ടിൽ കേറി മർദ്ദിച്ച സംഭവത്തിൽ നീതി തേടി വനിതാ കമ്മീഷനിൽ എത്തിയ വൃദ്ധയ്ക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷൻ്റെ ശകാരം കേൾക്കേണ്ടി വന്നത്.

കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. ലക്ഷമിക്കുട്ടിയമ്മ പത്തനംതിട്ട കോട്ടങ്കൽ സ്വദേശിനിയായ 89-കാരിയെ അയൽവാസി വീട്ടിൽ കേറി മർദ്ദിച്ചിരുന്നു. സംഭവത്തിൽ ലക്ഷമിക്കുട്ടിയമ്മയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. തുടർന്ന് ഇവർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. 

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 28-ന് അടൂരിൽ നടക്കുന്ന വനിത കമ്മീഷൻ സിറ്റിംഗിൽ പങ്കെടുക്കാൻ വിളിച്ചത്. എന്നാൽ കോട്ടാങ്കൽ സ്വദേശിയായ ലക്ഷ്മിക്കുട്ടിയോട് അൻപത് കിലോമീറ്റർ അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്താനായിരുന്നു വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത്.  ഈ സാഹചര്യത്തിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ ചെറുമകൻ വനിതാ കമ്മീഷൻ വെബ്സൈറ്റിൽ നിന്നും കോണ്ടാക്ട് നമ്പർ എടുത്തു അതിൽ വിളിച്ചു. 

വനിതാ കമ്മീഷൻ അധ്യക്ഷയായ എംസി ജോസഫൈനാണ് ഈ കോൾ എടുത്തത്. അവരോട് കാര്യങ്ങൾ വിശദീകരിച്ച ചെറുമകൻ ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാൽ ഹിയറിംഗിൻ്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരോട് പൊട്ടിത്തെറിച്ചത്. 

വിവാദമായ ഫോൺ സംഭാഷണത്തിൽ നിന്ന്....

ജോസഫൈൻ - ആരാണ് പരാതിക്കാരി 

പരാതിക്കാരിയുടെ ബന്ധു - എൻ്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.

ജോസഫൈൻ - അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു  ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ...

പരാതിക്കാരിയുടെ ബന്ധു - അപ്പോൾ ഇതു വനിതാ കമ്മീഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്

ജോസഫൈൻ -  89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താൽ ആളെ ശിക്ഷിക്കാൻ പറ്റോ ഇല്ലലോ, കമ്മീഷൻ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങൾ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷൻ ഓഫീസിൽ വിളിപ്പിച്ചാൽ വരാൻ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ

പരാതിക്കാരിയുടെ ബന്ധു -  തിരുവല്ലയായിരുന്നേൽ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്
 
ജോസഫൈൻ - അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ
 

Follow Us:
Download App:
  • android
  • ios