ജീവൻ രക്ഷാ മരുന്നായി ഉപയോഗിക്കുന്ന, അത്യാഹിത വിഭാഗങ്ങളിലും ഐ സി യുവിലും അടക്കം ഒഴിവാക്കാനാകാത്ത മരുന്നുകളായ അഡ്രിനാലിനും , നോർ അഡ്രിനാലിനും ഒരിടത്തുമില്ല. അടിയന്തര ഘട്ടത്തിൽ ഇതും പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണ് മെഡിക്കൽ കോളജ് ആശുപത്രികളിലടക്കം.

തിരുവനന്തപുരം: മരുന്നില്ലാതെ രോഗം മാറുമോ ? എന്നാല്‍ അങ്ങനെ പറ്റുമോ എന്ന അന്വേഷണത്തിലാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നേരിടുന്നത് കടുത്ത മരുന്ന് ക്ഷാമം. ജീവൻ രക്ഷാ മരുന്നുകൾ അടക്കം മിക്ക മരുന്നുകളും ഔട്ട് ഓഫ് സ്റ്റോക്ക്. ആശുപത്രി ഫാർമസികളിലെത്തുന്ന രോഗികളുടെ മുന്നിൽ കൈമലർത്തുകയാണ് ആശുപത്രി ജീവനക്കാർ. അവശ്യമരുന്നുകള്‍ പോലും കിട്ടാതെ വലയുകയാണ് സാധാരണക്കാരായ രോഗികള്‍.

മരുന്ന് ക്ഷാമം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് ഒരു നടപടിയുമെടുത്തിട്ടില്ല. മരുന്ന് ക്ഷാമം ആശുപത്രികൾ മെഡിക്കൽ സർവീസസ് കോർപറേഷനെ അറിയിക്കുന്നുണ്ട്. എന്നാൽ കോർപറേഷൻ കൈമലർത്തുകയാണെന്ന് ആശുപത്രി അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ ദിവസങ്ങളിൽ ഫോണിൽ പ്രതികരിച്ചിരുന്ന മെഡിക്കൽ സർവീസസ് കോർപറേഷൻ ഇപ്പോൾ അതും ചെയ്യുന്നില്ലെന്നാണ് ആശുപത്രികളിലെ ഫാർമസിസറ്റുകൾ പറയുന്നത്.

അവശ്യ മരുന്നുകള്‍ സ്റ്റോക്കില്ല

പകർച്ച പനിയും കൊവിഡും വ്യാപകമായതോടെ ഡ്രിപ്പ് ആയി നൽകാവുന്ന ഐ വി പാരസെറ്റമോൾ മെഡിക്കൽ കോളജ് ആശുപത്രികളിൽ പോലും കിട്ടാനില്ല. അത്യാഹിത വിഭാഗത്തിലടക്കം ഇത് സ്റ്റോക്കില്ല. രോഗി വാങ്ങി നൽകിയാൽ ഇത് നൽകാമെന്ന് പറയുന്ന അവസ്ഥിയിലായി ഡോക്ടമാരും. ജീവൻ രക്ഷാ മരുന്നായി ഉപയോഗിക്കുന്ന, അത്യാഹിത വിഭാഗങ്ങളിലും ഐ സി യുവിലും അടക്കം ഒഴിവാക്കാനാകാത്ത മരുന്നുകളായ അഡ്രിനാലിനും , നോർ അഡ്രിനാലിനും ഒരിടത്തുമില്ല. അടിയന്തര ഘട്ടത്തിൽ ഇതും പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണ് മെഡിക്കൽ കോളജ് ആശുപത്രികളിലടക്കം.

രക്തം കട്ടപിടിക്കാതിരിക്കാൻ ഹൃദ്രോഗികൾക്ക് നൽകുന്ന ആസ്പിരിൻ 75, ഉയർന്ന രക്ത സമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20 , പിപ്റ്റാസ്, സെഫ്ട്രിയാക്സോൺ തുടങ്ങി മിക്ക ആൻറിബയോട്ടിക് ഇൻജക്ഷനുകളും കിട്ടാനില്ല. ഇതിൽ തീരുന്നില്ല. ഇൻസുലിൻ , ശിശു രോഗ , ഹൃദ്രോഗ , അർബുദ ചികിൽസക്കുള്ള മിക്ക മരുന്നുകൾക്കും കടുത്ത ക്ഷാമമാണ്.

പ്രമേഹ രോഗ ക്ലിനിക്കുകൾ പലതും മരുന്നില്ലാതെയാണ് പ്രവർത്തിക്കുന്നത്. പുറമേ നിന്ന് ഇൻസുലിനടക്കം വാങ്ങാൻ കഴിയാത്ത പലരുടേയും ചികിൽസയും മുടങ്ങുന്നുണ്ട്. സൌജന്യം നിലച്ചതോടെ വലിയ വിലകൊടുത്ത് മരുന്ന് പുറമേ നിന്ന് വാങ്ങേണ്ടി വരുന്ന പലരും ആ മരുന്നുകൾ വാങ്ങാതെ പോകുന്ന സാഹചര്യമുണ്ടെന്ന് ചികിൽസിക്കുന്ന ഡോക്ടർമാർ തന്നെ പറയുന്നു. 

മരുന്ന് ക്ഷാമത്തിന് കാരണമെന്ത് ?

മെഡിക്കൽ സർവീസസ് കോർപറേഷൻറെ കെടുകാര്യസ്ഥത മാത്രമാണ് മരുന്ന് ക്ഷാമത്തിന് പിന്നിൽ. മുൻ വർഷങ്ങളിൽ ഡിസംബർ മാസത്തിൽ മരുന്ന് വാങ്ങാനുള്ള ടെണ്ടർ വിളിച്ചിരുന്നു. ഫെബ്രുവരിയോടെ അന്തിമ പട്ടിക. മാർച്ച് മാസത്തിൽ പർച്ചേസ് ഓർഡർ. ഏപ്രിൽ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും. എന്നാല്‍ ഇത്തവണ ജൂൺ മാസം പകുതിയോടെയാണ് ടെണ്ടർ നടപടികൾ പോലും തുടങ്ങിയത്. 

ഇതോടെ ഫാർമസികൾ ഒഴിഞ്ഞു, മരുന്നിന് പോലും മരുന്നില്ലാതായി. ഫാര്‍മസികള്‍ ഇക്കാര്യം മെഡിക്കൽ സർവീസസ് കോർപറേഷനെ രേഖാമൂലവും അല്ലാതേയും അറിയിച്ചു. എന്നാൽ കോർപറേഷൻ ചെയ്തത് എന്താണെന്നോ , അധികം ക്ഷാമം നേരിടാത്ത ആശുപത്രികളിൽ നിന്ന് ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് മരുന്നുകൾ മാറ്റി താൽകാലിക പരിഹാരത്തിന് ശ്രമിച്ചു. ഇത് പാളിയതോടെ ഏതാണ്ട് എല്ലാ ആശുപത്രികളിലും മരുന്നില്ലാത്ത അവസ്ഥയായി.

Read More : ആവശ്യത്തിന് ഡോക്ടര്‍മാരില്ല, മരുന്ന് ക്ഷാമവും, അവഗണനയില്‍ അടിമാലി താലൂക്ക് ആശുപത്രി

സംഭവിച്ചത് കടുത്ത അനാസ്ഥ

ഇതിൽ തീരുന്നില്ല കോർപറേഷൻറെ, സർക്കാരിൻറെ അനാസ്ഥ. മരുന്ന് നൽകിയ വകയിൽ കന്പനികൾക്ക് 200 കോടി രൂപ നൽകാനുണ്ട് ആരോഗ്യവകുപ്പ്. പണം കിട്ടാതായതോടെ മിക്ക കമ്പനികളും ടെണ്ടറിൽ തന്നെ പങ്കെടുക്കുന്നില്ല. ഇതും പല മരുന്നുകളും കിട്ടാത്ത സാഹചര്യം ഒരുക്കുന്നുണ്ട്. അവശ്യ മരുന്നുകൾ അടക്കം 700ൽ അധികം മരുന്നുകൾക്കാണ് ഇത്തവണ ടെണ്ടർ വിളിച്ചത്. ഇതിൽ 75 അവശ്യ മരുന്നുകൾക്ക് ടെണ്ടർ എടുക്കാൻ ഒരു കമ്പനി പോലും എത്തിയില്ല. റീടെണ്ടർ 28ാം തിയതി വിളിച്ചു. എന്നാൽ വാർഷിക വിറ്റുവരവ് 50 കോടിയുള്ള കമ്പനികൾക്ക് മാത്രമാണ് ടെണ്ടറിൽ പങ്കെടുക്കാൻ അനുമതി എന്നതിനാൽ റീടെണ്ടറിലും ഉദ്യോഗസ്ഥർക്ക് പ്രതീക്ഷയില്ല.

356 കോടി രൂപയാണ് മരുന്ന് സംഭരണത്തിന് സർക്കാർ നൽകുന്നത്. ഇതിൽ കഴിഞ്ഞ വർഷത്തെ കടം തീർക്കാമെന്ന് കരുതിയാൽ ഈ വർഷത്തെ പർച്ചേസ് ഓർഡർ നൽകാനാകാത്ത സ്ഥിതി ആകും. പണം കിട്ടാതെ വിതരണം നടത്തില്ലെന്ന നിലപാടിലാണ് കമ്പനികൾ പലതും. ഇതിനിടെ കമ്പനികൾക്ക് നൽകാനുള്ള 200 കോടിയിൽ 66 കോടി രൂപ കൂടിനൽകാനുള്ള ഫയൽ കഴിഞ്ഞ ദിവസം നീങ്ങിയിട്ടുണ്ട്.

കിട്ടാക്കടം പെരുകിയതോടെ, മിക്ക കമ്പനികളും സഹകരിക്കാതായതോടെ പല മരുന്നുകൾക്കും സിംഗിൾ ബിഡർ ആണ്. ഇത് മരുന്ന് വില ഉയരാനും കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം 14 രൂപക്ക് വാങ്ങിയ ഐ വി ഫ്ലൂയിഡ് ഇത്തവണ വാങ്ങുന്നത് 24 രൂപയ്ക്ക് . ഒരൊറ്റ കമ്പനി മാത്രമാണ് ടെണ്ടറിൽ ഉണ്ടായിരുന്നത് എന്നതിനാൽ ഇത് അംഗീകരിക്കേണ്ട അവസ്ഥിയിലായി കോർപറേഷൻ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഐ വി ഫ്ലൂയിഡ് ഇത്രയും ഉയർന്ന തുകയ്ക്ക് സർക്കാർ മേഖലയിൽ വാങ്ങുന്നില്ല.

വിശദീകരണം ഇങ്ങനെ...

എന്നാൽ സംസ്ഥാനത്ത് ക്ഷാമമൊന്നുമില്ലെന്നാണ് മെഡിക്കൽ സർവീസസ് കോര്‍പ്പറേഷന്‍റെ വിശദീകരണം. രോഗികളുടെ എണ്ണം കൂടുന്നത് മുന്നിൽ കാണാതെ ഇൻറൻറ് നൽകിയ ആശുപത്രികളിൽ മാത്രമാണ് ചില മരുന്നുകൾ കിട്ടാതെ വരുന്നതെന്നും മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതർ പറയുന്നു. സാധാരണ ഗതിയിൽ മരുന്ന് ക്ഷാമം ഉണ്ടാകുമ്പോൾ ലോക്കൽ പർച്ചേസ് വഴി കാരുണ്യയിൽ നിന്ന് മരുന്നെത്തിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തവണ അതിനുള്ള ഫണ്ടും ആശുപത്രികൾക്ക് നൽകിയിട്ടില്ല. കാരുണ്യ ഫാർമസി വഴി എത്തിക്കാമെനന് കരുതിയാലും രക്ഷയില്ല. അവിടേയും മരുന്നില്ല. കാശുണ്ടെങ്കിൽ സർക്കാർ മേഖലയിൽ ചികിൽസ തേടാം എന്നതാണ് അവസ്ഥ.