Asianet News MalayalamAsianet News Malayalam

'മെഡിസെപ്' നാളെ മുതല്‍; സ്വകാര്യ ആശുപത്രികള്‍ സഹകരിക്കില്ല, വിദഗ്ധ ചികില്‍സ മുടങ്ങുമെന്ന് ആശങ്ക

സംസ്ഥാനത്തെ ഒരു ശതമാനം സ്വകാര്യ ആശുപത്രികള്‍പോലും മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിക്കാത്തതിനാല്‍ വിദഗ്ധചികില്‍യ്ക്ക് സൗകര്യമുണ്ടാകില്ലെന്ന ആശങ്കയിലാണ് ജീവനക്കാരും പെന്‍ഷൻകാരും. 
 

medisep insurance programme starts from tomorrow
Author
Thiruvananthapuram, First Published Jul 31, 2019, 9:36 AM IST

തിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാർക്കും പെൻഷൻകാര്‍ക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്  വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. എന്നാല്‍, സംസ്ഥാനത്തെ ഒരു ശതമാനം സ്വകാര്യ ആശുപത്രികള്‍പോലും പദ്ധതിയുമായി സഹകരിക്കാത്തതിനാല്‍ വിദഗ്ധചികില്‍യക്ക് സൗകര്യമുണ്ടാകില്ലെന്ന ആശങ്കയിലാണ് ജീവനക്കാരും പെന്‍ഷൻകാരും. 

സംസ്ഥാനത്ത് 8000ത്തിൽ അധികം സ്വകാര്യ ആശുപത്രികളാണുള്ളത്. എന്നാല്‍, സ്വകാര്യ സഹകരണ മേഖലകളിലെ 99 ആശുപത്രികള്‍ മാത്രമാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഇന്‍ഷുറന്‍സ് നിരക്കുകള്‍ ശാസ്ത്രീയമല്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. നേരത്തെ നടപ്പാക്കിയ ആരോഗ്യ സുരക്ഷാ പദ്ധതികളിൽ 1481 കോടി രൂപ കുടിശിക വരുത്തിയ റിലയൻസ് ഇൻഷുറന്‍സ് കമ്പനിക്കാണ് മെഡി സെപിന്‍റെ ചുമതല. ഇതും ആശുപത്രികളുടെ പിന്‍മാറ്റത്തിന് കാരണമാണ്. 

സ്വകാര്യ ആശുപത്രികളുടെ നിസ്സഹകരണം മൂലം ഇടതു സംഘടനകള്‍പോലും മെഡിസെപ്പ് നടത്തിപ്പിൽ ആശങ്ക ഉയര്‍ത്തുകയാണ്. നിലവിലുണ്ടായിരുന്ന രീതി മാറ്റിയതോടെ നേട്ടം ഇൻഷുറൻസ് കമ്പനിക്ക് മാത്രമാണെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പറയുന്നത്. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 11,15,574 പേരാണ് പദ്ധതിയിലെ അംഗങ്ങള്‍. അംഗങ്ങളിൽ നിന്ന് മാസം 250 രൂപ വീതം ഈടാക്കും. 

സര്‍വീസിലുള്ളവര്‍ക്ക് മാത്രമാണ് ഒ പി ചികില്‍സാ ചെലവ് കിട്ടുക. പെന്‍ഷൻകാരുടെ മക്കളില്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കേ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂ. വര്‍ഷം രണ്ടു ലക്ഷം രൂപയാണ് ചികില്‍സാ ചെലവ് പരിധി. ഗുരുതര രോഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ആറു ലക്ഷം രൂപയുടെ പ്രത്യേക പരിരക്ഷ കിട്ടും. അവയവം മാറ്റിവയ്ക്കലിന് 14 ലക്ഷം രൂപ വരെയും പദ്ധതിപ്രകാരം അനുവദിക്കും. 
 

Follow Us:
Download App:
  • android
  • ios