തിരുവനന്തപുരം സ്വദേശിയുടെ 31 ലക്ഷം രൂപ ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയ കേസിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുമല സ്വദേശിയിൽ നിന്നും 31 ലക്ഷം വാങ്ങി ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയ സംഘം ചെന്നൈയിൽ പിടിയിൽ. ചെന്നൈ സ്വദേശികളായ ബി. ബാലാജി (45), ഡാനിയേൽ ക്രിസ്റ്റഫർ (34), സന്തോഷ് കുമാർ (28), വേൽമുരുകൻ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റു രേഖകളും കണ്ടെത്തി. യുകെയിലെ ഇൻവെസ്റ്റ്മെന്‍റ് കമ്പനിയിൽ പണം ഇൻവെസ്റ്റ് ചെയ്ത് ഇരട്ടിയിലധികം ലാഭം നൽകാമെന്നു വിശ്വസിപ്പിച്ച് ദീർഘകാലം പ്രവാസിയായിരുന്ന തിരുമല സ്വദേശിയുടെ പണമാണ് പ്രതികൾ തട്ടിയെടുത്തത്.

പരാതി ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ പിടികൂടിയത്. ബാങ്ക് ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് ചെന്നൈ കേന്ദ്രീകരിച്ചാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. തുക തട്ടിയെടുത്ത് ക്രിപ്റ്റോ കറൻസിയാക്കി വിദേശത്ത് കടത്തുന്നതാണ് പ്രതികളുടെ രീതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ ഉപയോഗിച്ച് പരാതിക്കാരനുമായി ആശയവിനിമയം നടത്തിയെന്ന് വ്യക്തമായിരുന്നു.

പരാതിക്കാരനിൽ നിന്നും 31 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതോടെയാണ് ഇവരെ തേടി പൊലീസ് സംഘം ചെന്നൈയിലെത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. കമീഷണർ കെ.എസ്. പ്രകാശ്, ഇൻസ്പെക്ടർ പി.ബി. വിനോദ് കുമാർ, എസ്ഐ ബിജുലാൽ. സീനിയർ സിപിഒ എസ്. അനിൽകുമാർ, വി.യു. വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.