മധ്യ കിഴക്കൻ അറബിക്കടലിൽ  കർണാടക തീരത്തിന് മുകളിലായി നാളെയോടെ ചക്രവാത ചുഴി രൂപപ്പെട്ട് മെയ്  22ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻ കർണാടക്കും വടക്കൻ കേരളത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് ഇപ്പോൾ വടക്കൻ കേരളത്തിൽ ശക്തമായി മഴ പെയ്യുന്നത്. നാളെ മുതൽ ശക്തി കുറയും. എന്നാൽ 23 ന് ശേഷം വീണ്ടും കാലവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി നാളെയോടെ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകല്ലിൽ കനത്ത ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. 

മലബാർ ജില്ലകളിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്. നഗരങ്ങളിൽ ഉൾപ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. കോഴിക്കോട് സായുടെ ഓഫീസിൽ വെള്ളം കയറി. കണ്ണൂര്‍ കുറുവയിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. കൊയ്യത്ത് മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു തലശ്ശേരി റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡിൽ വെള്ളക്കെട്ടാണ്. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെളളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.