തൃശൂരിലെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരണവുമായി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്നല്ല, പകരം നെടുമ്പാശ്ശേരിയിൽ നിന്ന് തൃശൂരിന്റെ ഉൾപ്രദേശങ്ങളിലൂടെ പാലക്കാട് വരെ റാപ്പിഡ് റെയിൽ സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

തൃശൂര്‍: മെട്രോ റെയിൽ വിഷയത്തിൽ വിശദീകരണവുമായി തൃശൂര്‍ എംപി സുരേഷ് ഗോപി. നെടുമ്പാശ്ശേരി മുതൽ തൃശൂരിന്‍റെ ഉള്‍പ്രദേശങ്ങള്‍ കണക്റ്റ് ചെയ്ത് പാലക്കാട് വരെ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ആണ് വേണ്ടെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നത്. 2024 ഡിസംബര്‍ 22ന് പങ്കുവെച്ച ഒരു പോസ്റ്റ് സുരേഷ് ഗോപി റീ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചാണ് ആ പോസ്റ്റ്. കേരളത്തിന്‍റെ വികസന പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടന്നുവെന്നും പ്രത്യേകിച്ച് നെടുമ്പാശ്ശേരിയെ പാലക്കാട്ടു നിന്ന് തൃശൂരിന്‍റെ ഉൾവഴികളിലൂടെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട റാപ്പിഡ് റെയിൽ ഗതാഗത സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നുമാണ് ഈ പോസ്റ്റ്.

എന്നാല്‍, 2019 ഏപ്രിൽ 10ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച മറ്റൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നുണ്ട്. കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്നും ചെയ്യും എന്നത് വെറും വാക്കല്ലെന്നുമാണ് ഈ പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. 'ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്', എന്ന കുറിപ്പോടെയായിരുന്നു സുരേഷ് ഗോപിയുടെ പോസ്റ്റ്.

തൃശൂരിന്‍റെ വികസനം ലക്ഷ്യമിട്ടുള്ള എസ്‍ജി കോഫി ടൈംസ് എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി മെട്രോയെ കുറിച്ച് പറഞ്ഞത്. മെട്രോ ട്രെയിൻ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. നെടുമ്പാശ്ശേരി അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.