Asianet News MalayalamAsianet News Malayalam

M G University| ആ‌ർ ബിന്ദുവിനെതിരെ ഗവേഷകയുടെ പോസ്റ്റ്, പിന്നീട് പിൻവലിച്ചു

ഇന്ന് രാവിലെ വീണ്ടും സമരം പിൻവലിക്കണമെന്ന് മന്ത്രി ആർ ബിന്ദു ദളിത് ഗവേഷകയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയനായ അധ്യാപകൻ നന്ദകുമാർ കളരിക്കലിനെ മാറ്റാതെ ഒരു ഒത്തുതീർപ്പിനുമില്ലെന്ന നിലപാടിലാണ് ഗവേഷക. 

MG University Doctoral Student Against Minister R Bindu
Author
Kottayam, First Published Nov 7, 2021, 11:46 AM IST

കോട്ടയം: ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കോട്ടയം എംജി സർവകലാശാലയ്ക്ക് മുന്നിൽ ജാതിവിവേചനം ആരോപിച്ച് നിരാഹാരസമരമിരിക്കുന്ന ദളിത് ഗവേഷണവിദ്യാർത്ഥിനി. പരാതിയുമായി ബന്ധപ്പെട്ട എസ്‍സി/ എസ്‍ടി കേസ് അട്ടിമറിച്ചത് സിപിഎം ഇടപെട്ടെന്നും ഗവേഷക ആരോപിക്കുന്നു. മന്ത്രി ആർ ബിന്ദു ഇതിന് കൂട്ടുനിൽക്കുകയാണ്. സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ഭാര്യയിൽ നിന്ന് ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ദളിത് ഗവേഷകയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ അൽപസമയത്തിന് ശേഷം ഗവേഷക ഈ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ചില തിരുത്തുകളുണ്ടെന്നും, അതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നുമാണ് ഗവേഷകയുടെ വിശദീകരണം. 

ഇന്ന് രാവിലെ വീണ്ടും സമരം പിൻവലിക്കണമെന്ന് മന്ത്രി ആർ ബിന്ദു ദളിത് ഗവേഷകയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയനായ അധ്യാപകൻ നന്ദകുമാർ കളരിക്കലിനെ മാറ്റാതെ ഒരു ഒത്തുതീർപ്പിനുമില്ലെന്ന നിലപാടിലാണ് ഗവേഷക. നാളിത് വരെ സിപിഎമ്മിനെ സംരക്ഷിച്ചത് സിപിഎമ്മാണെന്നും, സിപിഎമ്മിന്‍റെ ഫാസിസം മൂലം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാണെന്നും ഗവേഷക ആരോപിക്കുന്നു. 

മന്ത്രി ആർ ബിന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

എംജി സർവകലാശാലയ്ക്ക് മുന്നിൽ ഗവേഷകയുടെ സമരം ഇന്ന് പത്താം ദിവസമാണ്. ഭീം ആർമിയുടെ സഹകരണത്തോടെ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിവിധ സാംസ്കാരിക സംഘടനകളും ആക്റ്റിവിസ്റ്റുകളും എത്തുന്നുണ്ട്. സമരപ്പന്തലിൽ എംഎൽഎ കെ കെ രമ ഇന്നലെ എത്തി വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. 

'രമ്യമായി പരിഹരിക്കണം', ഗവർണർ, എതിർത്ത് ഗവേഷക

ഗവർണർക്ക് ഇതുമായി ബന്ധപ്പെട്ട് നേരിട്ട് പരാതി അയക്കാനാണ് ഗവേഷക തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സർവകലാശാലയെ പൂർണമായും തള്ളിപ്പറയാതെയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. ഗവേഷകയുടെ നിരാഹാരസമരം രമ്യമായി പരിഹരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. രണ്ട് ഭാഗത്ത് നിന്നും വിട്ടുവീഴ്ച വേണം. സർവകലാശാല എന്നത് ഒരു കുടുംബമാണ്. സർവകലാശാല അനുഭാവത്തോടെ കാര്യങ്ങളെ കാണണം. ഗവേഷകയും വിട്ടുവീഴ്ച ചെയ്യണം, നിർബന്ധബുദ്ധി കാണിക്കരുതെന്നും ഗവർണർ ആവശ്യപ്പെടുന്നു. ഗവേഷകയുടെ പുതിയ ആവശ്യങ്ങളെന്തെന്ന് തനിക്ക് അറിയില്ലെന്നും ഗവർണർ വ്യക്തമാക്കി. 

എന്നാ‌ൽ ഗവർണർ സമരപ്പന്തലിൽ വരാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് ഗവേഷക പറയുന്നു. രണ്ട് ദിവസം അദ്ദേഹം കോട്ടയത്തുണ്ടായിട്ടും വന്നില്ല. ഗവർണർക്ക് നിരവധി നിവേദനങ്ങൾ അയച്ചിട്ടും ഇപ്പോഴും പറയുന്നത് വിഷയം അറിയില്ല എന്നാണെന്നും ഗവേഷക ആരോപിക്കുന്നു. വിസിയും നന്ദകുമാറും ഗവർണറെ തെറ്റിദ്ധരിപ്പിക്കുകയാണ്. നന്ദകുമാറിനെ സിപിഎം സംരക്ഷിക്കുന്നു. മന്ത്രി വി എൻ വാസവൻ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ നന്ദകുമാറിന് വേണ്ടി ഇടപെട്ടുവെന്നും അവർ ആരോപിക്കുന്നു. 

നീതി തേടിയുള്ള പോരാട്ടത്തിൽ ഗവേഷക

കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാർത്ഥിനി. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള അഡ്മിഷൻ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സർവകലാശാലാ അധികൃതർ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകൾ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്‍റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവർ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്. 

2011-12 അക്കാദമിക് വർഷത്തിലാണ് കണ്ണൂരിൽ നിന്നുള്ള ദളിത് വിദ്യാർഥി എംജി സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇന്‍റർനാഷണൽ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസസ് ആന്‍ഡ് ടെക്നോളജിയിൽ അവർ എം ഫിൽ പ്രവേശനം നേടി. അന്ന് മുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് അവർ പറയുന്നു. 2 ദളിത് വിദ്യാർത്ഥികളും ഗവേഷകയ്ക്ക് ഒപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു. പക്ഷേ നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേർ കോഴ്സ് ഉപേക്ഷിച്ചു. ഇവർ മാത്രം നിശ്ചയദാർഢ്യത്തോടെ പോരാടി. സമാനതകളില്ലാത്ത പീഡനങ്ങളെ അതിജീവിച്ചു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സർവകലാശാല അധികൃതർ ആവുന്നത്ര അവരെ ദ്രോഹിച്ചു. നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് അവർ പറയുന്നു.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നത് കൊണ്ട് അവരുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. 2012-ൽ പൂർത്തിയാക്കിയ എം ഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ഗവേഷകയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015-ൽ. സ്വന്തമായി അവർ തയ്യാറാക്കിയ ഡാറ്റ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ ദളിത് വിദ്യാർത്ഥിക്ക് വേദനയോടെ കാണേണ്ടി വന്നു.

പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം. അന്നത്തെ പിവിസി ഷീന ഷുക്കൂറിനോട് പരാതിപ്പെട്ടപ്പോഴുള്ള അനുഭവവും മോശമായിരുന്നു. 

2015-ൽ ദീപയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകാശാല നിയോഗിച്ചിരുന്നു. ഡോ. എൻ. ജയകുമാറും ഇന്ദു കെ എസും അടങ്ങുന്ന സമിതി കണ്ടെത്തിയത് തീർത്തും ഗുരുതരമായ കാര്യങ്ങൾ. ഒരു സർവകാലശാലയിൽ നടക്കാൻ പാടില്ലാത്തത്. ദളിത് ഗവേഷകയ്ക്ക് ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നതിൽ നന്ദകുമാർ കളരിക്കലിന് വീഴ്ച വന്നെന്നും, അവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നുമായിരുന്നു സമിതി കണ്ടെത്തിയത്. 

2018 ഡിസംബറിലും 2019 ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി അവർക്ക് അനുകൂലമായ കോടതി ഉത്തരവുകൾ ഉണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവഗണിച്ചു. ഒടുവിൽ  ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും ഒന്നുമുണ്ടായില്ല. ആ ഗവേഷകയിപ്പോൾ നീതി നേടി സമരപന്തലിലാണ്. പേരിനൊരു ചർച്ച നടന്നു. വീണ്ടും അതേ ഉറപ്പുകൾ. പാലിക്കപ്പെടാതിരിക്കാനുള്ള ഉറപ്പുകൾ. സമരം അവസാനിപ്പിക്കാൻ മാത്രമുള്ള ഉറപ്പുകൾ നൽകിയെന്ന് ഗവേഷക പറയുന്നു. ദീപയുടെ കാര്യത്തിൽ പേടിപ്പെടുത്തുന്ന മൗനത്തിലാണ് നമ്മുടെ വിദ്യാർത്ഥി സമൂഹവും പുരോഗമനപ്രസ്ഥാനങ്ങളും. 

Follow Us:
Download App:
  • android
  • ios