കോട്ടയം: എംജി സര്‍വകലാശാല മാര്‍ക്ക്ദാനത്തില്‍ കടുത്ത നടപടികളുമായി ഗവര്‍ണ്ണര്‍..സര്‍വകലാശാല വൈസ്ചാൻസിലറെ വിളിച്ച് വരുത്തി ഹിയറിംഗ് നടത്താൻ ഗവര്‍ണ്ണര്‍ തീരുമാനിച്ചു..മാര്‍ക്ക് ദാനം റദ്ദാക്കിയത് ചട്ടപ്രകാരമല്ലാത്തതിനാലാണ് നടപടി

കഴിഞ്ഞയാഴ്ച കൊച്ചിയില്‍ നടന്ന വിസിമാരുടെ യോഗത്തില്‍ എംജി സര്‍വകലാശാല മാര്‍ക്ക്ദാനം വലിയ ചര്‍ച്ചായിരുന്നു. ഇക്കാര്യത്തില്‍ എംജി വിസിയുടെ വിശദീകരണത്തില്‍ ഗവര്‍ണ്ണര്‍ തൃപ്തനായില്ല. പ്രത്യേക മോഡറേഷൻ റദ്ദാക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് ഗവര്‍ണ്ണര്‍ക്ക് ബോധ്യപ്പെട്ടു.

ഇതേത്തുടര്‍ന്നാണ് വൈസ്ചാൻസിലര്‍ ഡോ. സാബു തോമസിനെ വിളിച്ച് വരുത്തി ഹിയറിംഗ് നടത്താൻ തീരുമാനിച്ചത്. പ്രത്യേക മോഡറേഷൻ നേടിയ വിദ്യാര്‍ത്ഥികള്‍, പരാതിക്കാരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി എന്നിവരേയും വിളിക്കും. ജനുവരി അവസാനവാരമാണ് ഹിയറിംഗ്.

ഈ സമയത്ത് തന്നെ നേരത്തെ തീരുമാനിച്ചിരുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഹിയറിംഗും നടക്കും. കെടിയുവില്‍ മന്ത്രി ജലീല്‍ നേരിട്ടും എംജിയില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്നാണ് മാര്‍ക്ക്ദാനം നടത്തിയതെന്നാണ് ആക്ഷേപം. എംജിയിലെ സിൻഡിക്കേറ്റും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്.

അനധികൃത മോഡറേഷൻ നേടിയ 118 വിദ്യാര്‍ത്ഥികളും പരാതിയുണ്ടെങ്കില്‍ സമീപിക്കാൻ ഗവര്‍ണ്ണര്‍ ഇന്നലെ അനുവാദം കൊടുത്തിരുന്നു. 15 ദിവസത്തിനകം പരാതി ഗവര്‍ണ്ണറെ അറിയിക്കുന്ന വിദ്യാര്ത്ഥികളെയായിരിക്കും ഹിയറിംഗിന് വിളിക്കുക.