ചങ്ങനാശ്ശേരി: ഇന്നലെ അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാട് ഇന്ന് ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ്. ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണ് ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പശ്ചിമബം​ഗാൾ സ്വദേശിയാണ് എന്നാണ് വിവരം. ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിൽ പായിപ്പാട് മേഖലയിൽ കർശന പൊലീസ് നിരീക്ഷണം തുടരുകയാണ്. മേഖലയിലെ എല്ലാ തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്.

അതിനിടെ കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പൊലീസ് സന്നാഹം ഇറങ്ങി. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ എത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് നഗരത്തിലെ വിവിധ പോയിൻ്റുകളിൽ പൊലീസിനെ വിന്യസിച്ചത്. നാട്ടിലേക്ക് മടങ്ങാനായി അതിഥി തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവെ സ്റ്റേഷനിലേക്ക് എത്തുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലടക്കം വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.