ഓണ ദിവസങ്ങളിൽ പ്രതിദിനം 7 ലക്ഷം ലിറ്റർ പാൽ അധികമായി എത്തിക്കുമെന്ന് മിൽമ ചെയർമാൻ

പാലക്കാട്: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പാൽ ക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാൻ നടപടികൾ തുടങ്ങിയതായി മിൽമ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ എത്തിക്കാൻ നീക്കം തുടങ്ങിയതായി മിൽമ ചെയർമാൻ കെ.എസ്.മണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ മിൽമയുടെ പാൽ സംഭരണത്തിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മിൽമയുടെ നീക്കം. മലബാർ മേഖലയിൽ മാത്രം പ്രതിദിന സംഭരണത്തിൽ 50,000 ലിറ്റർ കുറവ് അനുഭവപ്പെടുന്നതായി മിൽമ ചെയർമാൻ വ്യക്തമാക്കി. ഉത്പാദനത്തിലെ കുറവിനൊപ്പം അങ്കണവാടികളിലേക്ക് പാൽ നൽകേണ്ടി വരുന്നതും പാൽ ലഭ്യത കുറയാൻ ഇടയാക്കുന്നതായി മിൽമ ചെയർമാൻ വ്യക്തമാക്കി.

ആവശ്യം മുന്നിൽക്കണ്ട് ഓണ ദിവസങ്ങളിൽ പ്രതിദിനം 7 ലക്ഷം ലിറ്റർ പാൽ അധികമായി എത്തിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. തമിഴ‍്‍നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും അധികം പാൽ എത്തിക്കാനാണ് നീക്കം നടക്കുന്നത്. പാൽ ലഭ്യത കുറഞ്ഞതോടെ കരുതലെന്ന നിലയിൽ മൂല്യ വർധിത ഉത്പന്നങ്ങളുടെ ഉത്പാദനം മിൽമ കുറച്ചിട്ടുണ്ട്. 

മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന് ചെയര്‍മാന്‍

മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന് ചെയര്‍മാന്‍ കെ.എസ്മ.ണി. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗൺസിലിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറയ്ക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. അഞ്ച് ശതമാനം ജിഎസ്ടി നിലവിൽ വന്ന സാഹചര്യത്തിലാണ് മില്‍മ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചത്. മിൽമ തൈരിന് മൂന്ന് രൂപ മുതൽ അഞ്ച് രൂപവരെയാണ് കൂടിയത്. കൊഴുപ്പ് കുറഞ്ഞ് സ്കിംഡ് മിൽക്ക് തൈരിനും, ഡബിൾ ടോൺഡ് തൈരിനും മൂന്ന് രൂപ കൂടി. ടോൺഡ് തൈരിന് അഞ്ച് രൂപയാണ് കൂടിയത്. ലസ്സിയുടെ വില 20 തന്നെയായി തുടരുന്നു. പക്ഷേ അളവ് 200 മില്ലി ലീറ്ററിൽ നിന്നും 180 ആയി കുറഞ്ഞിട്ടുണ്ട്. സംഭാരത്തിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. 

ഓണക്കാലത്ത് ആയിരം പച്ചക്കറിസ്റ്റാളുകൾ ഒരുക്കാൻ ഹോർട്ടി കോർപ്, ചെയർമാൻ സംസാരിക്കുന്നു