മലപ്പുറം: പുത്തുമലയിൽ തിരച്ചിൽ നിർത്തുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ഏ കെ ശശീന്ദ്രന്‍ പറഞ്ഞു. ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു. 

ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി തിരച്ചിൽ തുടരും. തിരച്ചിലിനായി ജിപിആര്‍ (റഡാര്‍ സംവിധാനം) കൊണ്ടുവരും. ആദ്യം കവളപ്പാറയിലും പിന്നീട് പുത്തുമലയിലും തിരച്ചിൽ നടത്തും. ബന്ധുക്കൾക്ക് സംശയം ഉള്ള സ്ഥലങ്ങളില്‍ തിരച്ചിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിൽ തിരച്ചിൽ നിർത്താനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചെന്നത്  വ്യാജ പ്രചാരണമാണെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിരുന്നു. "ഉരുൾപൊട്ടൽ നടന്ന ഒരു സ്ഥലത്തും തിരച്ചിൽ നിർത്താൻ തീരുമാനം എടുത്തിട്ടില്ല . തിരച്ചിൽ തുടരുന്നു എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA ) വ്യക്തമാക്കുന്നു," എന്നാണ് ഫേസ്ബുക്ക് പേജിലൂടെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. 

കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹം കണ്ടെടുത്തു.