തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വീടുകളിൽ ക്വാറന്റൈൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത് പൊതുമാർ​ഗനിർദേശമാണ്. ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിലെ ക്വാറന്റൈൻ ഫലപ്രദമാണ്. രോ​ഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുന്നതിൽ തെറ്റില്ല. കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളം ലോകത്തിന്റെ മുന്നിൽ ജനശ്രദ്ധയാകർഷിച്ചു. വിവിധ രാജ്യങ്ങളിലുള്ളവരെ പരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. നാട്ടിലെത്തിയാലും പരിശോധിക്കും. അതിന് ശേഷം ഇവരെ ക്വാറന്റീനിലാക്കും. കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ ഇന്ത്യ മുഴുവൻ നിരീക്ഷിച്ചുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം വ്യത്യസ്തം. വ്യക്തി ശുചിത്വം, ആരോഗ്യം എന്നിവയിലെല്ലാം കേരളം വ്യത്യസ്തം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് കേരളം. അതത് സംസ്ഥാനങ്ങളുടെ കാര്യങ്ങൾ കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഓരോ ദിവസത്തെയും സാഹചര്യങ്ങളും പരിശോധിച്ച് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 പശ്ചാത്തലത്തിൽ  പ്രവാസികൾ കൂട്ടത്തോടെ  തിരിച്ചെത്തുമ്പോൾ എടുക്കേണ്ട ജാഗ്രതയെ കുറിച്ച് സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  റിവേഴ്സ് ക്വാറന്‍റൈൻ നടപ്പിലാക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴിയെന്നാണ്  ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല വീടുകൾക്കകത്ത് സാമൂഹിക അകലം പാലിക്കുന്നത് നടപ്പിലാക്കാനുള്ള പരിശീലനം കുടുംബങ്ങൾക്ക് നൽകണമെന്നും  ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു . 

Read Also: പ്രവാസികളുടെ മടക്കം: റിവേഴ്സ് ക്വാറന്‍റൈൻ നടപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍...