കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനെ പഴി ചാരി വൈദ്യുതി മന്ത്രി. ലൈൻ മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നെന്നും വീഴ്ച കെഎസ്ഇബിക്കും ഉണ്ടായെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനെ പഴി ചാരി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. നേരത്തെ തന്നെ ലൈൻ മാറ്റാൻ തീരുമാനിച്ചിരുന്നു. വീഴ്ച കെഎസ്ഇബിക്കും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രിയുടെ പ്രതികരണം. ഷെഡ് കെട്ടിയത് തെറ്റല്ലേ, അതെന്ത് കൊണ്ടാണ് ആരും പറയാത്തത്? ഇത്തരം അപകടകരമായ വൈദ്യുത ലൈൻ മാറ്റാൻ കഴിയാത്തത് ജനങ്ങളുടെ എതിർപ്പ് കാരണമാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി.

സംഭവത്തിൽ ആരാണ് കുറ്റക്കാരെന്ന് പറയാൻ പറ്റില്ല. വിശദമായ അന്വേഷണം നടത്തണം. കവർ കണ്ടക്ടറുള്ള വയറിടൽ വലിയ ചിലവാണ്. എല്ലായിടത്തും ഇത്തരം ലൈനുണ്ട്. എല്ലാം മാറ്റി വരുന്നത് തുടരുന്നു. കുട്ടിക്ക് കയറാൻ സൗകര്യമൊരുക്കിയത് ആരാണെന്നും സ്കൂളിനെതിരെ മന്ത്രിയുടെ വിമർശനം.
അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ അടക്കം നടപടി വരും. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും. ഡിജിഇയുടെ അന്തിമ റിപ്പോർട്ട് ഇന്ന് ലഭിക്കും. അതേസമയം, പൊലീസ് ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്കൂളിൽ വീണ്ടും പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്കൂളിൽ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും.
