കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദേശം നൽകി. കനത്ത മഴയും കാറ്റും മൂലം വ്യാപക നാശനഷ്ടങ്ങളുണ്ടായെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ഏതെങ്കിലും ദുരന്ത നിവാരണ മുന്നറിയിപ്പ് ലഭിച്ചാൽ കാത്തിരിക്കാതെ ആളുകളെ മാറ്റിതാമസിപ്പിക്കണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. കേരളത്തിൽ കഴിഞ്ഞ മെയ് മാസം മുതൽ അയ്യായിരത്തിലേറെ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലയിൽ തുടർച്ചയായ മഴ പെയ്യുന്ന സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കൽ നടത്തിയിട്ടുണ്ട്. മഴയോടൊപ്പം 70 - 80 കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റ് കൂടിയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴുന്ന സ്ഥിതിയുണ്ട്. ഒരു കോടി രൂപ വരെ അടിയന്തര ഘട്ടങ്ങളിൽ ചെലവഴിക്കാനായി ജില്ലകൾക്ക് നൽകി. നഷ്ടപരിഹാരം കൃത്യമായി കണക്കെടുത്ത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് മന്ത്രി പറഞ്ഞു. ആ മുന്നറിയിപ്പ് പ്രകാരമുള്ള പ്രകൃതിക്ഷോഭങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മലയോരങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മലവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ച് വരികയാണ്. രാത്രികാലങ്ങളിൽ ഡാം തുറക്കാതിരിക്കാനുള്ള മുൻകരുതൽ നൽകിയിട്ടുണ്ട്. 70 - 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുണ്ടായി. ഇന്ന് രാത്രിയോടെ ന്യൂനമർദം ശക്തികുറയാനാണ് സാധ്യത. വൈകുന്നേരം മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മഴയിൽ വ്യാപക നാശം

കോഴിക്കോടും മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശ്ശേരി ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രിയിൽ അതിശക്തമായ മഴ പെയ്തു. ഒൻപതാം വളവിന് താഴെ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചതിനെ തുടര്‍ന്ന് താമരശേരി ചുരത്തിൽ ഗതാഗത തടസമുണ്ടായി. നാലാം വളവിൽ റോഡിലേക്ക് മരം വീണു. ചുരം സംരക്ഷണ പ്രവർത്തകർ മരം മുറിച്ചു മാറ്റി. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു. അർധരാത്രിയാണ് സംഭവം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴിക്കോട് വിലങ്ങാട് മരം വീണ് വീട് തകർന്നു. വിലങ്ങാട് സ്വദേശി ജലജയുടെ വീടാണ് തകർന്നത്.

ഇടുക്കി മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര നിരോധിച്ചു. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. തോട്ടം മേഖലയിലെ പുറം ജോലികൾക്കും നിയന്ത്രണം. പാലക്കാട് നെല്ലിയാമ്പതിയിൽ തത്കാലം വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. എറണാകുളം ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചു. അട്ടപാടിയിൽ വൈദ്യുതി പോസ്റ്റുകളടക്കം തകര്‍ന്നതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. രാത്രി കനത്ത കാറ്റും മഴയുമുണ്ടായിരുന്നു

മണ്ണിടിച്ചിലിൽ എറണാകുളം എടത്തലയിലെ ലൈജുവിന്‍റെ വീട് ഭാഗികമായി തകര്‍ന്നു. കണ്ണൂർ ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളിലും വെള്ളം കയറി. പഴശ്ശി ഡാമിന്‍റെതാഴെയുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇരിക്കൂർ പടയങ്കോട് അംഗനവാടി വെള്ളത്തിൽ മുങ്ങി. കനത്ത മഴയിൽ ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാലക്കുടി അണ്ടർ പാസിൽ വെള്ളം കയറി. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി.

YouTube video player

YouTube video player