ദേശീയപാതയുടെ സർവീസ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ രാജൻ
തൃശ്ശൂർ: ദേശീയപാത സർവീസ് റോഡിലാകെ കുഴിയാണെന്നും ഇത് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. മഴ തോർന്നാലുടൻ റീ ടാറിങ് ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നൽകി. കുഴിയടയ്ക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് അവർ സമ്മതിച്ചുവെന്നും മന്ത്രി തൃശ്ശൂരിൽ പ്രതികരിച്ചു. ഈ പ്രവർത്തികൾ ജില്ലാ കളക്ടറും കമ്മീഷണറും എസിപിയും അടങ്ങുന്ന സമിതി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ദേശീയപാതാ അതോറിറ്റി നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുഴികളിൽ നിന്ന് കുഴികളിലേയ്ക്കുള്ള യാത്രയാണ് ദേശീയപാതാ സർവീസ് റോഡ്. ദേശീയപാതയുടെ കാര്യത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ട്. സർവീസ് റോഡിലെ വൈദ്യുതി തൂണുകൾ മാറ്റും. മൂന്നു ദിവസത്തിനകം സർവീസ് റോഡുകൾ താത്കാലികമായി നേരെയാക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.

