തിരുവനന്തപുരം: കോട്ടയത്തെ രോ​ഗികളെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതവും അതു സംബന്ധിച്ച വിവാദം അനാവശ്യവുമാണെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് പരിശോധനാഫലം വന്നത്. അക്കാര്യം രോ​ഗിയെ അറിയിച്ചതാണ്. ആശുപത്രിയിലേക്ക് പോകാൻ തയ്യാറായിരിക്കാനും പറഞ്ഞതാണ്. ഇതിന്റെ പേരിൽ വാർത്തയും പ്രചാരണവും വരുന്ന നേരത്തു തന്നെ ആംബുലൻസ് രോ​ഗിയെ കൊണ്ടുപോകാൻ പുറപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.

അതിനിടെ, രോഗികളെ ആശുപത്രിയിലേക്കക്ക് മാറ്റിയതായി കോട്ടയം ജില്ലാ കളക്ടർ സുധീർ ബാബു അറിയിച്ചു. ആംബുലൻസിന്റെ ലഭ്യതക്കുറവാണ് രോഗികളെ മാറ്റാൻ വൈകുന്നതിന് കാരണമായത്. വിവിധ സ്ഥലങ്ങളിൽ നിന്ന് 200 ലധികം സാമ്പിളെടുത്തത് കൊണ്ടാണ് ആംബുലൻസ് വൈകിയത്. രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് രോഗ വ്യാപനമുണ്ടാക്കില്ലെന്നും സുധീർ ബാബു പ്രതികരിച്ചു. കോട്ടയം മണർകാട് സ്വദേശിയായ ട്രക്ക് ‍ഡ്രൈവറെയും ചാന്നാനിക്കാട് സ്വദേശിയായ വ്യക്തിയെയുമാണ് ആശുപത്രിയിലെത്തിക്കാൻ വൈകിയതായി ആക്ഷേപം ഉയര്‍ന്നത്.

Read Also: കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ആക്ഷേപം

"