തന്‍റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: കേരളം കൊവിഡ് 19നെരെ പോരാടുമ്പോള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി വൈദ്യുത മന്ത്രി എംഎം മണി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കൈമാറിയതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മന്ത്രിമാരും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ സാലറി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. നമ്മുടെ സംസ്ഥാനവും ഈ മഹാമാരിയ്ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനും ജനങ്ങളെ അതിൽ നിന്നും മോചിതരാക്കുന്നതിനുമുള്ള കഠിന യത്നത്തിലാണ്. ഈ അവസരത്തിൽ സർക്കാരിന് ഒപ്പം നിന്ന് കരുത്ത് പകരേണ്ടത് നമ്മുടെ നാട്ടിലെ എല്ലാവരുടെയും കടമയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

അതിനായി നമ്മളെല്ലാവരും ഒരുമയോടെ അണിനിരന്ന് സർക്കാരിന്റെ ഈ പ്രതിരോധ പ്രവർത്തനങ്ങൾക്കും, ഇതിനോട് അനുബന്ധിച്ചുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും സഹായം നൽകേണ്ട അവസരമാണെന്ന് മന്ത്രി പറയുന്നു. അതിന്റെ ഭാഗമായി തന്‍റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.