തൃശ്ശൂർ: പോളിങ് സമയത്തിന് മുൻപ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന വിവാദത്തിൽ വരണാധികാരി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. തെരഞ്ഞെടുപ്പു ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്നാണ് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പി എം അക്ബർ, ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചത്. 

മന്ത്രിയുടെ  ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം എൻ ഡി സ്കൂളിലെ ഒന്നാം ബൂത്തിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പ് ദിവസമായ ഡിസംബർ 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപ് മന്ത്രി വോട്ടു രേഖപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് വരണാധികാരിയോട് കലക്ടർ വിശദാംശങ്ങൾ ചോദിച്ചത്.

തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുക്കര ബൂത്തിലെത്തി 6.55 ന് മന്ത്രി എ സി മൊയ്തീൻ വോട്ട് ചെയ്തെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. അനിൽ അക്കര എം എൽ എ, ടി എൻ പ്രതാപൻ എം പി, തൃശ്ശൂർ ഡിസിസി പ്രസിഡന്റ് എം പി വിൻസന്റ് എന്നിവരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ എസ് ഷാനവാസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ മന്ത്രിക്കും പ്രിസൈഡിംഗ് ഓഫീസര്‍ക്കും ക്ലീൻ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയിരിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസറാണ് പോളിങ് ബൂത്തിന്റെ അധികാരി. അദ്ദേഹത്തിൻറെ വാച്ചില്‍ 7 മണിയായപ്പോൾ മന്ത്രിയെ വോട്ടു ചെയ്യാൻ അനുവദിച്ചതില്‍ എന്ത് ചട്ടലംഘനമാണെന്നാണ് കളക്ടറ്‍ ചോദിക്കുന്നത്. 

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശവുമായി കോൺഗ്രസ് രംഗത്തെത്തി. വോട്ടിംഗ് മെഷീനില്‍ വോട്ടെടുപ്പ് തുടങ്ങിയ സമയം രേഖപ്പെടുത്തുമെന്നിരിക്കെ പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിലെ സമയം നോക്കുന്നത് പരിഹാസ്യമാണെന്നും എൽ ഡി എഫ് കൺവീനറെ പോലെയാണ് കളക്ടര്‍ പെരുമാറുന്നതും ടി എൻ പ്രതാപൻ എം പി പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് വോട്ടിങ് മെഷീൻ പരിശോധിച്ചത്.