മന്ത്രി മോൻസ് ജോസഫ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സൗഹൃദ സന്ദർശനം നടത്തി. മോൻസിന്റെ സന്ദർശനത്തെ വെള്ളാപ്പള്ളി പ്രശംസിച്ചപ്പോൾ, സമാനമായ സന്ദർശനം നടത്തിയ ബിന്ദു കൃഷ്ണ നേരിട്ട വിമർശനങ്ങളും സൈബർ ആക്രമണങ്ങളും വാർത്തയിൽ ഇടംപിടിക്കുന്നു.
ആലപ്പുഴ: ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കാണാൻ ആദ്യമായാണ് മോൻസ് എത്തിയത്. വെള്ളാപ്പള്ളി നടേശനാണ് ഫേസ്ബുക്കിലൂടെ മന്ത്രി സന്ദര്‍ശിച്ച കാര്യം അറിയിച്ചത്.
പൊതുപ്രവർത്തന രംഗത്ത് പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന്‍റെ നല്ലൊരു മാതൃകയാണ് ഈ സന്ദർശനമെന്ന് വെള്ളാപ്പള്ളി നടേശൻ കുറിച്ചു. മത്സരരംഗത്തേക്ക് ഇറങ്ങിയ സമയത്ത് മോൻസ് ജോസഫ് നേരിട്ടെത്തി അനുഗ്രഹം തേടിയിരുന്നുവെന്നും, തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
എസ്എൻഡിപി യോഗത്തിന്‍റെ നിലപാടുകളെയും പ്രവർത്തനങ്ങളെയും എക്കാലവും മാനിക്കുന്ന വ്യക്തിയാണ് മോൻസ് ജോസഫ്. യോഗത്തോടും സമുദായത്തോടും എന്നും സഹകരണ മനോഭാവം പുലർത്തുന്ന അദ്ദേഹത്തിന്റെ സമീപനത്തെ അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിന് അദ്ദേഹം നൽകുന്ന പരിഗണനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, മോൻസ് ജോസഫിന്‍റെ പൊതുപ്രവർത്തനങ്ങൾക്കും മന്ത്രി എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്വങ്ങൾക്കും എല്ലാവിധ വിജയങ്ങളും ആശംസിച്ചു.
നേരത്തെ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ ചെന്ന് ഓച്ഛാനിച്ചു നിൽക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നടക്കം കടുത്ത ഭാഷയിലാണ് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതാക്കൾ പ്രതികരിച്ചത്. ഇനി നിയമസഭ കാണിക്കില്ല എന്നടക്കം കമന്‍റുകളുമായി കടുത്ത സൈബർ ആക്രമണമാണ് ബിന്ദു കൃഷ്ണ നേരിടേണ്ടി വന്നത്.


