തിരൂര്‍ ആയുര്‍വേദിക് വെല്‍നസ് സെന്‍ററിന് ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി വി വിനോദ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ നേരത്തെ യൂത്ത്‌ലീഗ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

മലപ്പുറം: തിരൂര്‍ ആയുര്‍വേദിക് വെല്‍നസ് സെന്‍ററിന്‍റെ ലൈസന്‍സിന് കൈക്കുലി വാങ്ങിയ കേസില്‍ തിരൂര്‍ നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശി ജി വി വിനോദ് കുമാറിനെ (47)യാണ് മലപ്പുറം വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്. തിരൂര്‍ ഏഴൂര്‍ റോഡില്‍ കന്മനം സ്വദേശി ആരംഭിച്ച ആയുര്‍ വേദിക് വെല്‍നെസ് സെന്‍ററിന്‍റെ ലൈസന്‍സ് നല്‍കിയതിന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഗരസഭയിലെ താല്‍ക്കാലിക വാച്ച്മാനും യൂത്ത്‌ലീഗ് നേതാവുമായ ഷി ഹാബുദ്ദീന്‍, ജുനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് എന്നിവരെ വിജിലന്‍സ് സംഘം കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് വിനോദ് കുമാര്‍ ഉള്‍പ്പെട്ട വിവരം ലഭിച്ചത്. വിനോദ് കുമാര്‍ പരാതിക്കാരനെ ഫോണില്‍ വിളിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കി നല്‍കുന്നതിന് 3,000 രൂപ നേരിട്ടും 1,300 രൂപ ഗുഗിള്‍ പേവഴിയും വാങ്ങിയതായി കണ്ടെത്തി. വിനോദ് കുമാറിനെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.