പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചനം രേഖപ്പെടുത്തി.
തിരുവനന്തപുരം: കേരളത്തി കാർഷിക പൈതൃകവും ജൈവവൈവിധ്യവും സ്വന്തം ജീവിതം കൊണ്ട് കാത്തുസൂക്ഷിച്ച വയനാടിന്റെ 'നെല്ലച്ഛൻ' പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചനം രേഖപ്പെടുത്തി. പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മന്ത്രി പറഞ്ഞു.
തന്റെ കൃഷിയിടത്തിൽ അമ്പതിലേറെ നാടൻ നെൽവിത്തിനങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ചെറുവയൽ രാമൻ ശ്രദ്ധേയനായത്. അന്യംനിന്നുപോകുമായിരുന്ന ചെന്നെല്ല്, തൊണ്ടി, ഗന്ധകശാല, ജീരകശാല തുടങ്ങിയ അപൂർവ നെൽവിത്തുകൾ കൃഷിയിലൂടെ അദ്ദേഹം നിലനിർത്തി. വിത്തുകൾ ശേഖരിക്കുക മാത്രമല്ല, പ്രതിവർഷം കൃഷി ചെയ്ത് അവയുടെ തുടർച്ച ഉറപ്പാക്കുകയും മറ്റ് കർഷകർക്ക് കൈമാറുകയും ചെയ്തു. 2023-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
ഉത്തരവാദിത്ത ടൂറിസം പദ്ധതികളുമായി ഏറെ ആഴത്തിൽ ബന്ധപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒക്ടോബർ ആറിന് ഗോത്ര പൈതൃക ഗ്രാമമായ 'എൻ ഊരിൽ' സംഘടിപ്പിച്ച ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പരിപാടിയിൽ വെച്ച് ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് മന്ത്രി ഓർത്തെടുത്തു. അദ്ദേഹം പങ്കെടുത്ത അവസാന ഔദ്യോഗിക പരിപാടികളിലൊന്നായിരുന്നു അത്.
മണ്ണിൽ വിതച്ച വിത്തുകൾ വിളവായി മടങ്ങിയെത്തുന്നതുപോലെ, ചെറുവയൽ രാമൻ നൽകിയ കാർഷിക അറിവുകളും കരുതലുകളും പുതിയ വെളിച്ചമായി വരുംതലമുറയിൽ വളരുമെന്നും അദ്ദേഹത്തിന്റെ ഓർമ്മകളെ ആദരിക്കാൻ കാർഷിക പാരമ്പര്യം സംരക്ഷിച്ചു മുന്നോട്ടുപോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



