Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തിന്‍റെ ആഭ്യന്തര വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മേഖലയായി ടൂറിസം മാറുമെന്ന് മന്ത്രി റിയാസ്

ടൂറിസം മേഖലയില്‍ കേരളത്തിന് ഇനിയും വലിയ സാധ്യതകളാണുള്ളതെന്നും ഇത് പ്രയോജനപ്പെടുത്തുന്ന നൂതന പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

Minister PA Muhammed Riyas expects tourism sector to become crucial in domestic growth of kerala
Author
First Published Aug 29, 2024, 8:37 PM IST | Last Updated Aug 29, 2024, 8:37 PM IST

തിരുവനന്തപുരം: കേരളം ടൂറിസം സംസ്ഥാനമായി വളരുമ്പോള്‍ ആഭ്യന്തര വളര്‍ച്ചയുടെ ഏറിയ പങ്കും വഹിക്കാന്‍ പറ്റുന്ന പ്രധാന മേഖലയായി വിനോദസഞ്ചാരം മാറുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്‍റെ മാനവ വിഭവശേഷി വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സിലെ അക്കാദമിക് അനക്സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖലയില്‍ കേരളത്തിന് ഇനിയും വലിയ സാധ്യതകളാണുള്ളതെന്നും ഇത് പ്രയോജനപ്പെടുത്തുന്ന നൂതന പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയുടെ ഒമ്പതു ശതമാനം വിനോദസഞ്ചാര മേഖലയില്‍ നിന്നാണ്. കേരളത്തില്‍ ഇത് ജിഡിപിയുടെ 10 ശതമാനമാണ്. വലിയ വളര്‍ച്ചയാണ് ലോക ടൂറിസം സംഘടന വിനോദ സഞ്ചാര മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അത് 2024 ല്‍ 11.1 ട്രില്യണ്‍ വരെ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് ടൂറിസം മേഖലയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മൈസ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, അനുഭവവേദ്യ-ഉത്തരവാദിത്ത ടൂറിസം, ഫുഡ്-സാഹസിക ടൂറിസം തുടങ്ങി ലോകത്തിലെ തന്നെ മികച്ച തൊഴില്‍ദാതാവായി ഈ മേഖല മാറുകയാണെന്ന് മന്ത്രി പറഞ്ഞു.

കിറ്റ്സിനെ ടൂറിസം മാനവശേഷി വികസനത്തിന്‍റെ എക്സലന്‍സ് സെന്‍റര്‍ ആയി വികസിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ ഉദ്യമത്തില്‍ പുതിയ ബ്ലോക്ക് ഏറെ സഹായകമാകും. എക്സലന്‍സ് സെന്‍ററായി വികസിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പാക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മുതല്‍ ടൂറിസം സ്റ്റാര്‍ട്ടപ് വരെ ഏതു മേഖലയിലും തിളങ്ങുന്നവരായി കിറ്റ്സിലെ പഠിതാക്കളെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് പുതിയതായി ആരംഭിച്ച അക്കാദമിക് ബ്ലോക്ക്. ജോലി മാത്രമല്ല ഈ മേഖലയിലെ സംരംഭ സാധ്യത കൂടി പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കിറ്റ്സിനെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്) അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം അക്കാദമിക ഗവേഷണ പരിശീലന കേന്ദ്രമായി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്.

ചടങ്ങില്‍ കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് അഡി. ഡയറക്ടര്‍ വിഷ്ണുരാജ് പി, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍ക്കിടെക്ട് ജി ശങ്കര്‍, കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം ആര്‍, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ.ബി രാജേന്ദ്രന്‍, അസി. പ്രൊഫസര്‍ ഡോ. സരൂപ് റോയ് ബി.ആര്‍, കുമാര്‍ ഗ്രൂപ്പ് ടോട്ടല്‍ ഡിസൈനേഴ്സ് വൈസ് ചെയര്‍മാന്‍ ശശികുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്‍ ജെ. എന്നിവര്‍ സംസാരിച്ചു.

തൈക്കാട് റെസിഡന്‍സി കോമ്പൗണ്ടില്‍ 3 കോടി 22 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കിന് ഏകദേശം 9000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണുള്ളത്. എംബിഎ, ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നതിന് ആവശ്യമായ ആറ് ക്ലാസ് മുറികള്‍, ഓണ്‍ലൈന്‍ ടെസ്റ്റ് സെന്‍റര്‍, ഫാക്കല്‍റ്റി റൂമുകള്‍ എന്നിവ ഇതിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios