തൃശൂർ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന വൃക്ക മാറ്റി വെക്കൽ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോദിക യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് ആദ്യ സംഭാവനയായി കൈയിലെ സ്വർണവള നൽകിയത്.
ഇരിങ്ങാലക്കുട: വൃക്ക മാറ്റിവെയ്ക്കൽ ശസ്‌ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന യുവാവിന് കൈയിലെ സ്വർണവള ഊരി നൽകി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ചികിത്സ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി യുവാവിന്റെ അവസ്ഥ അറിഞ്ഞാണ് സഹായിച്ചത്. തൃശൂർ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന വൃക്ക മാറ്റി വെക്കൽ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് ആദ്യ സംഭാവനയായി കൈയിലെ സ്വർണവള നൽകിയത്. കൊമ്പുകുഴൽ കലാകാരൻ വന്നേരിപറമ്പിൽ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിലായിരുന്നു സംഭവം.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന്റെ ജീവിതകഥ കേട്ടപ്പോൾ മന്ത്രിയുടെ കണ്ണുകൾ നിറഞ്ഞു. വളയൂരി സഹായ സമിതി അംഗങ്ങൾക്ക് നൽകി. അപ്രതീക്ഷിതമായിരുന്നു മന്ത്രിയുടെ വിലയേറിയ സഹായം. നന്ദിവാക്കുകൾക്കോ അഭിനന്ദനത്തിനോ കാക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു.
കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സാസഹായ സമിതിയുടെ ധനസമാഹരണ യോഗത്തിൽ പങ്കെടുക്കാനാണു മന്ത്രി മൂർക്കനാട് ഗ്രാമീണ വായനശാലയിലെത്തിയത്. വിവേകിന്റെ കഥ കേട്ടപ്പോൾ മന്ത്രി വേദിയിലിരുന്നു കണ്ണീരണിഞ്ഞു. സഹായസമിതി ഭാരവാഹികളായ പി.കെ. മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവർക്കാണ് വള നൽകിയത്.
