മോഹൻലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു. രണ്ടു വരികളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ലെന്നും വരികൾ അല്ല പ്രസംഗത്തിന്റെ ആകെത്തുകയാണ് നോക്കേണ്ടതെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാര വേദിയിലെ മോഹൻലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. രണ്ടു വരികളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ലെന്നും വരികൾ അല്ല പ്രസംഗത്തിന്റെ ആകെത്തുകയാണ് നോക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന അവാർഡുകൾ മന്ത്രി പ്രഖ്യാപിച്ചു. നടി ഷീല, ഗായിക പി കെ മേദിനി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.
കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന് വീട് ഒരുങ്ങിയതായി മന്ത്രി അറിയിച്ചു. 12 ലക്ഷം രൂപ ചെലവിട്ട് നാഷണൽ സർവീസ് സ്കീം ആണ് വീട് ഒരുക്കിയത്. വീടിന്റെ താക്കോൽ ദാനം നാളെ നടക്കും. സർവ്വകലാശാല ബില്ലുകളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ടാണ് ഗവർണർ ഒപ്പിടാതെ പ്രസിഡൻ്റിന് അയച്ചതെന്ന് അറിയില്ലെന്ന് പ്രതികരിച്ചു. സർക്കാരിനോട് ഒരു വിശദീകരണവും തേടാതെയാണ് ബില്ല് അയച്ചത്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മാറ്റി നൽകാമെന്ന് ഗവർണറെ അറിയിച്ചിരുന്നു. പക്ഷെ ഒരു സംശയവും ഇതുവരെ അറിയിച്ചിട്ടില്ല. സർക്കാർ ചെയ്യേണ്ടത് ചെയ്യണം. ബില്ല് അവതരിപ്പിക്കുക കടമയാണ്. ചില വിസിമാർ ഏകാധിപദികളെ പോലെ പെരുമാറുന്നതു കൊണ്ട് കൂടിയാണ് ബിൽ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.


