Asianet News MalayalamAsianet News Malayalam

അയ്യപ്പ ഭക്തർക്ക് സൗകര്യങ്ങൾ കുറവെന്ന് പരാതി; വണ്ടിപ്പെരിയാർ സത്രത്തിൽ നേരിട്ടെത്തി മന്ത്രിയുടെ പരിശോധന

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പീരുമേട് എംഎൽഎ വിവിധ നിർദ്ദേശങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു

Minister Radhakrishnan visits Vandipperiyar Sathram
Author
First Published Jan 12, 2023, 7:05 AM IST

ഇടുക്കി: ശബരിമല ഇടത്താവളമായി ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ട ഇടപടൽ നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണണൻ. മകര വിളക്കിനു മുന്നോടിയായി മന്ത്രി സത്രത്തിലെ ക്രമീകരണങ്ങൾ വിലയിരുത്തി. 

രണ്ടു വർഷത്തിനു ശേഷം തുറന്നു കൊടുത്ത സത്രം - പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 46500 ഓളം ഭക്തരാണ് ശബരി മലയിലേക്ക് പോയത്. തിരികെ 2800 ഓളം പേർ ഇതുവഴി കടന്നു പോയി. ചില ദിവസങ്ങളിൽ ആയിരത്തിലധികം പേരാണ് സത്രം വഴി കടന്നു പോയത്. എന്നാൽ ഇവിടെ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന് പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം മന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്. 

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പീരുമേട് എംഎൽഎ വിവിധ നിർദ്ദേശങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ദേവസ്വത്തിൻറെ കൈവശമുള്ള സ്ഥലത്ത് സ്ഥിരം വിരിപ്പന്തൽ, പോലീസ് എയ്ഡ് പോസ്റ്റ്, ശൗചാലയങ്ങൾ എന്നിവ ഒരുക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. സത്രത്തിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം താത്കാലിക വിരി പന്തൽ, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവ സന്ദർശിച്ച് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios