ആളുകളെ സുരക്ഷിതമായി മാറ്റുന്നത് കർശനമായി നടപ്പാക്കും.നദീതീരങ്ങളിലേക്കും, മലമ്പ്രദേശങ്ങളിലേക്കുമുള്ള  യാത്ര ഒഴിവാക്കണമെന്നും റവന്യൂ മന്ത്രി

തൃശ്ശൂര്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാവുകയും പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ റവന്യൂമന്ത്രി കെ രാജന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആറ് അണക്കെട്ടുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ഡാമുകളിൽ തൽക്കാലം ആശങ്കയില്ല. ജീവിത സുരക്ഷിതത്വം പ്രധാനമാണ്. ആളുകളെ നിർബന്ധമായി മാറ്റി പാർപ്പിക്കണം. നദീതീരങ്ങളിലേക്കും മലമ്പ്രദേശങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം- മന്ത്രി പറഞ്ഞു.

അതിരപ്പിള്ളിയിലേക്ക് സന്ദർശകരെ തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയോടെ ചാലക്കുടിയിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ കൂട്ടായ്മയിൽ രക്ഷാദൗത്യ സംഘം എത്തും. വൈകിട്ടോടെ ചാലക്കുടിയിൽ എന്‍ ഡി ആര്‍ എഫ് സംഘം എത്തും. കാടിനുളളിൽ എപ്പോഴും ഉരുൾപൊട്ടാവുന്ന സാഹചര്യമാണുള്ളത്. ആളുകളെ സംരക്ഷിതമായി മാറ്റുന്നത് കർശനമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ സുരക്ഷിത കേന്ദ്രങ്ങളില്‍

മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.തിരുവനന്തപുരത്ത് രണ്ടു ക്യാംപുകൾ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാർപ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാംപിൽ അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാംപുകളിലായി 120 പേരും ആലപ്പുഴയിൽ രണ്ടു ക്യാംപുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാംപുകളിലായി 177 പേരെയും മാറ്റിപ്പാർപ്പിച്ചു. 

എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാംപ് തുറന്നിട്ടുണ്ട്. ഇടുക്കിയിൽ ആറു ക്യാംപുകളിലായി 105 പേരെയും തൃശൂരിൽ അഞ്ചു ക്യാംപുകളിലായി 225 പേരെയും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി ആറു പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ മൂന്നു ക്യാംപുകളിൽ 38 പേരും കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 31 പേരും കഴിയുന്നുണ്ട്

.നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര നിരോധനം 

പാലക്കാട് ജില്ലയിൽ ഇന്നും (ഓഗസ്റ്റ് 2),3,4 തീയ്യതികളിലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നെല്ലിയാമ്പതിയിലേക്കുള്ള വിനോദ യാത്ര പൂർണ്ണമായും നിരോധിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.