Asianet News MalayalamAsianet News Malayalam

ദേശീയപാതയിലെ കുഴികൾ നികത്താൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി മുൻകൈ എടുക്കണം: റിയാസ്

നെടുമ്പാശ്ശേരി ദേശീയപാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബെഹനാൻ എംപി കത്തെഴുതി. 

Minister Riaz wants the Union Minister from Kerala to take the initiative for the maintenance of the National Highway
Author
നെടുമ്പാശ്ശേരി, First Published Aug 6, 2022, 1:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികൾ അടക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് (Mohammed riyas). ദേശീയപാതകളുടെ പരിപാലനവും നവീകരണവും ദേശീയപാതാ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. അതിൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടാൽ ഭരണഘടനാലംഘനമായി മാറും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. 

ദേശീയപാതാ പരിപാലനത്തിന് ചുമതലപ്പെട്ട കരാറുകാർക്കെതിരെ എന്തുകൊണ്ടാണ് എൻ.എച്ച്.എ.ഐ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) നടപടിയെടുക്കാത്തത്. കരാറുകാരുടെ പേരുവിവരങ്ങൾ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ല. ഇക്കാര്യത്തിൽ മുഖം നോക്കാതെയുള്ള നടപടി അനിവാര്യമാണ്. എന്തിനാണ് കരാറുകാരെ ഭയക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കിയ പോലെ ദേശീയപാതകളുടെ പരിപാലനത്തിന് ചുമതലപ്പെട്ട കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും പേരുകൾ പരസ്യപ്പെടുത്താൻ എൻഎച്ച്എഐ തയ്യാറാവണം. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇതിനാണ് മുൻകൈ എടുക്കേണ്ടതെന്നും റിയാസ് പറഞ്ഞു. 
 
നേരത്തെ തൃപ്പൂണിത്തുറയിൽ അപകടം ഉണ്ടായപ്പോൾ കരാറുകാരനെതിരെ കേസ് എടുത്തിരുന്നു.  അതേ മാതൃകയിൽ ഇവിടെയും ദേശീയപാതാ അതോറിറ്റിയുടെ കരാറുകാരനെതിരെ കേസെടുക്കാൻ കളക്ടറോട് ആവശ്യപ്പെടണം. ദേശീയപാതാ അതോറിറ്റി യോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യാൻ തയ്യാറാവണം. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ താൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ തയ്യാറായില്ല. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിഷേധകാത്മക മനോഭാവമാണ്. അതാണ് കരാറുകാരുടെ ഹുങ്കിനും കാരണം. നെടുമ്പാശ്ശേരിയിൽ അപകടമുണ്ടായ സ്ഥലത്തെ കുഴികൾ അടയ്ക്കണമെന്ന് ഇന്നലെ രാത്രിയും ആവശ്യപ്പെട്ടിരുന്നതാണെന്നും റിയാസ് പറഞ്ഞു. 

അതേസമയം നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയിൽപെട്ട് തെറിച്ചു വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബെഹനാൻ എംപി കത്തെഴുതി. ദേശീയപാതയുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിഷയം നിരവധി തവണ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നും വേണ്ട നടപടികൾ ഉണ്ടായില്ലെന്നും എംപി കത്തിലൂടെ മന്ത്രിയെ അറിയിച്ചു. മരിച്ച ഹാഷിമിൻ്റെ കുടുംബത്തിന് അടിയന്തര നഷ്ട പരിഹാരം  നൽകണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നെടുമ്പാശ്ശേരിയിലെ അപകട മരണത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ റൂറൽ എസ്.പിക്ക് അൻവ൪ സാദത്ത് എംഎൽഎയും പരാതി നൽകി. ദേശീയ പാത അതോറിറ്റി, ഉദ്യോഗസ്ഥ൪, കരാറുകാ൪ എന്നിവർക്കെതിരെ നരഹത്യ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യ൦. 


 

Follow Us:
Download App:
  • android
  • ios