അധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന മന്ത്രി റോജി എം. ജോൺ, വിദ്യാഭ്യാസ രംഗത്തെ വർധിച്ചുവരുന്ന രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി മാനവികതയും ഭരണഘടനാ മൂല്യങ്ങളും നെഞ്ചോട് ചേർക്കാൻ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം, വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അധികാരത്തിന്‍റെ ഉന്നതപീഠങ്ങളേക്കാൾ അധ്യാപനത്തിന്‍റെ നന്മയിൽ വിശ്വസിച്ച മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണ പുതുക്കിയാണ് റോജി എം. ജോൺ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

രവീന്ദ്രനാഥ് ടാഗോറിന്‍റെ ശാന്തിനികേതനും വിശ്വഭാരതിയും മുതൽ എപിജെ അബ്‍ദുൾ കലാം വരെയുള്ളവർ തലമുറകൾക്ക് പകർന്നുനൽകിയത് സ്വപ്നം കാണാനും ആകാശത്തോളം ചിറകടിച്ചുയരാനുമുള്ള ധൈര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുകുമാർ അഴീക്കോട്, ഒഎൻവി കുറുപ്പ്, എംജിഎസ്. നാരായണൻ, പ്രൊഫ. എം. ലീലാവതി തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ ചോദ്യം ചെയ്യാനും കലഹിക്കാനും തിരുത്താനുമുള്ള ആർജവമാണ് തലമുറകൾക്ക് പകർന്നുനൽകിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

വർഗീയ അജണ്ടകൾക്കും വിവേചനങ്ങൾക്കുമെതിരെ വിമർശനം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നെഗറ്റീവ് പ്രവണതകളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സ്റ്റാഫ് റൂമിലിരുന്ന് വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവർ അധ്യാപനത്തിന്റെ അന്തസ്സത്ത തിരിച്ചറിയാത്തവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവേചനമില്ലാതെ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുകയാണ് അധ്യാപകരുടെ പ്രഥമ ചുമതല.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഭരണഘടനാ മൂല്യങ്ങൾ മറന്ന് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്നും അക്കാദമിക് സ്വയംഭരണത്തെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള അനീതിയാണെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി മാനവികതയും ഭരണഘടനാ മൂല്യങ്ങളും നെഞ്ചോട് ചേർക്കാൻ പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും അദ്ദേഹം ദിനാശംസകൾ നേർന്നു.