കോടതി നിർദേശപ്രകാരമാണ് വഖഫ് ബോർഡ് പുനസംഘടിപ്പിച്ചതെന്ന് മന്ത്രി എൻ ഷംസുദ്ധീൻ വ്യക്തമാക്കി. എന്നാൽ ഇരു സമസ്തകളെയും ഒഴിവാക്കി ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെ ഉൾപ്പെടുത്തിയതിൽ കാന്തപുരം വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം.

പാലക്കാട്: കോടതി നിർദേശ പ്രകാരമാണ് വഖഫ് ബോർഡ്‌ പുനസംഘടിപ്പിച്ചതെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ധീൻ. മുൻ സർക്കാരിന്‍റെ നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കോടതിയിൽ മൂന്ന് കേസുകളുമുണ്ടായി. അതിലാണ് സർക്കാർ പുനസംഘടന നടത്തണമെന്ന നിർദേശം വന്നത്. ഇരു സമസ്തകൾക്കും പങ്കാളിത്തമില്ലല്ലോ എന്ന ചോദ്യത്തിന് എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നാണ് വിശദീകരണം. സർക്കാരും മുന്നണിയും ആലോചിച്ചെടുത്ത തീരുമാനമാണ്. കോടതി ഇല്ലാത്ത സമയം നോക്കിയിട്ടല്ല സർക്കാർ ഉത്തരവ് ഇറക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, ജമാഅത്തെ ഇസ്ലാമിക്ക് പ്രതിനിധ്യം ഉണ്ടല്ലോ എന്ന് ചോദ്യത്തിന് പ്രതികരിക്കുന്നില്ലെന്നും വ്യത്യസ്ത ക്വാട്ടകളിലാണ് നിയമനം എന്നും മന്ത്രി മറുപടി നൽകി. നേരത്തെ, വഖഫ് ബോർഡ് പുനസംഘടനയിൽ സർക്കാരിനെ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്ത രംഗത്ത് വന്നിരുന്നു. സർക്കാർ നിലപാട് അനീതിയും അന്യായവും ആണെന്ന് എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി.

കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളുമാണെന്നും എന്നിട്ടും ഇരു സമസ്തകളിൽ നിന്നും പുതിയ ബോർഡിൽ പ്രതിനിധികളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു സമസ്തകളും ചേർന്ന് നടത്തുന്നത് ഇരുപതിനായിരത്തിൽ പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണെന്നും റഹ്മത്തുള്ള സഖാഫി വ്യക്തമാക്കി.

സർക്കാർ പുനസംഘടിപ്പിച്ച വഖഫ് ബോർഡിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെയും ഉൾപ്പെടുത്തിയിരുന്നു. മലപ്പുറം ജില്ലയിലെ മേലാറ്റൂർ പഞ്ചായത്ത് അം​ഗം ജസീം സബാഹിനെയാണ് ഉൾപ്പെടുത്തിയത്. യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച സബാഹ് വെൽഫെയർ പാർട്ടി അംഗമാണ്. ജമാഅത്തെ ഇസ്ലാമി പ്രാതിനിധ്യം വിവാദമാക്കേണ്ടെന്ന് പുതിയ ചെയർമാൻ മായിൻ ഹാജി പ്രതികരിച്ചു.