പൂരം കലക്കൽ റിപ്പോർട്ട് തള്ളിയ ആഭ്യന്തര വകുപ്പിന്റെ നടപടിയെ തിരുവമ്പാടി ദേവസ്വം സ്വാഗതം ചെയ്തു. പൊലീസിന്റെ നടപടികളിൽ ഗൂഢാലോചനയുണ്ടെന്നും, പുനരന്വേഷണം വേണമെന്നും ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ വ്യക്തമാക്കി.

തൃശൂർ: പൂരം കലക്കൽ റിപ്പോർട്ട് തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവമ്പാടി ദേവസം സെക്രട്ടറി കെ ഗിരീഷ് കുമാർ. പുന:രന്വേഷണം ദേവസ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ദേവസ്വം പ്രതിനിധികൾ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നുവെന്നും കെ ​ഗിരീഷ് കുമാർ പറഞ്ഞു. പൂരത്തിന് എന്ത് സംഭവിച്ചു എന്ന് മാധ്യമങ്ങൾക്കടകം അറിയാം. എക്സിബിഷൻ പന്തൽ പൂട്ടിക്കുക, കുടമാറ്റത്തിന് കുട കൊണ്ടുവരുന്നത് തടയുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചിരുന്നു. ഒരു ഗൂഢാലോചന നടന്നിരുന്നു. എന്നിട്ടും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തുകയായിരുന്നു. അക്കാര്യങ്ങളെല്ലാം ആഭ്യന്തര മന്ത്രി പരിശോധിച്ചതിൽ സന്തോഷമെന്നും കെ ഗിരീഷ് കുമാർ പറഞ്ഞു.

റിപ്പോർട്ട് തള്ളിയതിൽ സന്തോഷം. പൊലീസ് ബന്ധവസ്സിനു വേണ്ടി പൂരത്തിന് വലിയ സംഖ്യ തന്നെയാണ് ദേവസ്വങ്ങൾക്ക് ചെലവ് വരുന്നത്. പിന്നെയെങ്ങനെയാണ് ഇരു ദേവസ്വങ്ങളും പൂരം കലക്കാൻ തുനിയുന്നത്. ആടിനെ പട്ടിയാക്കുന്ന തരത്തിലേക്ക് ആണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തള്ളിയതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു. കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തതുപോലെ ആയിരുന്നു റിപ്പോർട്ട്. അവര് തന്നെ കലക്കുന്നു അവരു തന്നെ അന്വേഷിക്കുന്നു അതായിരുന്നു നടന്നതെന്നും അതാണ് ഇപ്പോൾ നടന്നതെന്നും കെ ​ഗിരീഷ് കുമാർ പറഞ്ഞു.

തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് നൽകിയ അന്വേഷണ റിപ്പോർട്ട് സർക്കാർ മടക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിൽ അവ്യക്‌തതയന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

YouTube video player