Asianet News MalayalamAsianet News Malayalam

'ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പാക്കും'; പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്ന് സജി ചെറിയാൻ

സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും സിനിമ കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍ പറ‌ഞ്ഞു.

Minister Saji Cherian response over Hema Committee report release
Author
First Published Aug 19, 2024, 4:57 PM IST | Last Updated Aug 19, 2024, 6:01 PM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറ‌ഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. റിപ്പോർട്ട് കൈയ്യിൽ കിട്ടിയാൽ വായിക്കും. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറ‌ഞ്ഞു. വിവരാവകാശ കമ്മീഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കണ്ട എന്ന് പറഞ്ഞത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാവില്ല. ഈ കാര്യത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കും. സിനിമ മേഖലയിൽ വലിയ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവർക്ക് നൽകാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവർക്കെതിരെ നിർഭയമായി പരാതി നൽകാം. നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 

Also Read: 'അനുവാദമില്ലാതെ നടിയുടെ നഗ്നത ഷൂട്ട് ചെയ്തു, സീൻ ഒഴിക്കാൻ വഴങ്ങിക്കൊടുക്കാൻ പറഞ്ഞു'; ഹേമകമ്മിറ്റി റിപ്പോർട്ട്

Also Read:  'പരാതിപ്പെടുന്നവര്‍ സിനിമയില്‍ കാണില്ല, ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് നല്ല ഭക്ഷണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

Latest Videos
Follow Us:
Download App:
  • android
  • ios