ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഉദ്യോ​ഗസ്ഥർ സുലോചനയുടെ വീട്ടിലെത്തും. ധന സഹായം നൽകാനുള്ള നടപടികൾ പൂർത്തീകരിക്കും.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൈവിരൽ നഷ്ടപ്പെട്ട സുലോചനയ്ക്ക് ആശ്വാസം. സുലോചനക്ക് രണ്ടരലക്ഷം രൂപ ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. നേരിട്ടെത്തിയ രേഖകൾ പരിശോധിക്കാനും ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. രണ്ടു മാസം മുമ്പാണ് വിറകു ശേഖരിച്ച് തിരിച്ചു വരുമ്പോൾ കാട്ടു പന്നിയുടെ ആക്രമണത്തിൽ സുലോചനയ്ക്ക് കൈവിരൽ നഷ്ടമായത്.

നിർധന കുടുംബത്തിന്റെ ഏക ആശ്രയം സുലോചനയുടെ തൊഴിലുറപ്പ് വരുമാനം മാത്രമായിരുന്നു. മുറിവുണങ്ങിയില്ലെങ്കിലും പണമില്ലാത്തതിനാൽ ചികിത്സ നിർത്തി വെച്ചു. പട്ടിണിയായതോടെ സഹോദരന്റെ വീട്ടിലേക്ക് നാലം​ഗ കുടുംബം താമസം മാറി. ധന സഹായത്തിനായി അപേക്ഷ നൽകിയിട്ടും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഉദ്യോ​ഗസ്ഥർ സുലോചനയുടെ വീട്ടിലെത്തും. ധന സഹായം നൽകാനുള്ള നടപടികൾ പൂർത്തീകരിക്കും.

കാട്ടുപന്നിയുടെ ആക്രമണത്തിൽ കൈവിരൽ നഷ്ടപ്പെട്ട സുലോചനയ്ക്ക് ആശ്വാസം