Asianet News MalayalamAsianet News Malayalam

അനുപമയെ ഫോണിൽ വിളിച്ച് വീണാ ജോർജ്ജ്; കുഞ്ഞിനെ തിരികെ കിട്ടാൻ വേണ്ട നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി

വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അനുപമ പറയുന്നു. വീണാ ജോർജ് ഇന്നലെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

minister veena George calls anupama and assures support
Author
Trivandrum, First Published Oct 23, 2021, 9:30 AM IST

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാനായി നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതിനിടെ അനുപമയെ മന്ത്രി വീണാ ജോർജ്ജ് വിളിച്ച് സംസാരിച്ചു. നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് അനുപമ പറയുന്നു. ഞാനും ഒരമ്മയാണെന്നും കാര്യങ്ങൾ മനസിലാകുമെന്നും വീണാ ജോർജ്ജ് അനുപമയോട് പറഞ്ഞു. 

കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി അനുപമയ്ക്ക് വാക്ക് നൽകി. വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അനുപമ പറയുന്നു. വീണാ ജോർജ് ഇന്നലെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നതെന്നായിരുന്നു വിഷയത്തിൽ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അ‍ഡ്വ. എന്‍ സുനന്ദയുടെ വിചിത്ര വിശദീകരണം. കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്‍റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ പറഞ്ഞിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി  എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പോലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു.

ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പോലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്. 

Follow Us:
Download App:
  • android
  • ios