കെ- റെയിൽ വിരുദ്ധ സമരങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടകളുണ്ട്. പ്രശ്നങ്ങളുണ്ടാക്കുന്നത് പദ്ധതി ബാധിക്കുന്നവരല്ല. പകരം മറ്റ് പലരുമാണ്. രാഷ്ട്രീയ അജണ്ട വെച്ചാണ് കോൺഗ്രസടക്കം പ്രതിഷേധിക്കുന്നത്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്നും മന്ത്രി
കോട്ടയം: കെ- റെയിൽ പ്രതിഷേധങ്ങളെ വിമോചന സമരവുമായി ബന്ധപ്പെടുത്തി പ്രതിരോധിക്കാൻ ശ്രമിച്ച് സർക്കാരും സിപിഎമ്മും. സിൽവർ ലൈൻ (Silver Line) ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനമാകെ അലയടിക്കുന്ന പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ (Congess) വിമർശിച്ച് മന്ത്രി വി എൻ വാസവൻ (VN Vasavan) രംഗത്തെത്തി. ഇനിയൊരു വിമോചനസമരത്തിന് കോൺഗ്രസിന് കെൽപ്പില്ലെന്നും താടി താങ്ങാൻ കഴിയാത്തവരാണ് അങ്ങാടി താങ്ങാൻ നോക്കുന്നതെന്നും വാസവൻ പരിഹസിച്ചു. കെ- റെയിൽ വിരുദ്ധ സമരങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടകളുണ്ട്. പ്രശ്നങ്ങളുണ്ടാക്കുന്നത് പദ്ധതി ബാധിക്കുന്നവരല്ല. പകരം മറ്റ് പലരുമാണ്. രാഷ്ട്രീയ അജണ്ട വെച്ചാണ് കോൺഗ്രസടക്കം പ്രതിഷേധിക്കുന്നത്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളെ ബോധ്യപ്പെടുത്തി കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച മന്ത്രി, ഗെയിൽ പദ്ധതി വന്നപ്പോൾ ഇതിലും രൂക്ഷമായ രീതിയിൽ സമരങ്ങളുണ്ടായിരുന്നുവെന്നും ഓർമ്മിപ്പിച്ചു. ഗെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടു. കെ റെയിൽ വിഷയത്തിലും ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷേധങ്ങൾ തടയുന്നതിൽ പൊലീസിനെ ന്യായീകരിച്ച മന്ത്രി, ചങ്ങാനാശ്ശേരിയിൽ പൊലീസ് അതിക്രമങ്ങളുണ്ടായിട്ടില്ലെന്നും വിശദീകരിച്ചു.
K Rail : 'പിണറായി സമരത്തെ നേരിടുന്നത് മോദിയെ പോലെ, അധിക്ഷേപങ്ങൾ അധികാര ലഹരിയിൽ' : വി ഡി സതീശൻ
സില്‍വര്‍ലൈന്‍ പ്രതിഷേധം കനക്കുമ്പോഴും സമരത്തേയും സമരക്കാരെയും നേരിടാനുറച്ച് തന്നെയാണ് സര്‍ക്കാരും സിപിഎമ്മും. ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും നല്‍കുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. തെക്കുംവടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജന്റെ ആക്ഷേപം.
കെ റെയിലിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
