'പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകസമരത്തെ നേരിട്ടതു പോലെയാണ് മുഖ്യമന്ത്രി പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതി സമരത്തെ നേരിടുന്നത്'.- സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ (Silver Line) പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(VD Satheeshan). ഭരണപക്ഷ നേതാക്കൾ സമരക്കാരെ അധിക്ഷേപിച്ചത് കൊണ്ടുമാത്രം സമരമില്ലാതാകില്ലെന്നും പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ജയിലിൽ പോയും സമരക്കാരെ സംരക്ഷിക്കുമെന്നും സതീശൻ വ്യക്തമാക്കി. 

കെ റെയിൽ പ്രതിഷേധക്കാരെ വിമർശനമുന്നയിച്ച ഇപി ജയരാജനെയും മന്ത്രി സജി ചെറിയാനെയും രൂക്ഷ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. പിണറായിയുടെ രാജസദസ്സിലെ വിദൂഷകൻമാരാണ് സജി ചെറിയാനും ഇപി ജയരാജനുമെന്നും സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകസമരത്തെ നേരിട്ടതു പോലെയാണ് മുഖ്യമന്ത്രി പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ നേരിടുന്നത്. പിണറായിയെ ഭയക്കുന്നതിനാൽ കൂടെ നിൽക്കുന്നവരാണ് പലരും. പക്ഷേ ജനങ്ങളെ അതിൽ കൂട്ടരുത്. ഞങ്ങൾക്കെതിരെ ബിജെപി ബന്ധം ആരോപിച്ചാലൊന്നും സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും സതീശൻ വ്യക്തമാക്കി. 

'ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരം', കെ റെയിൽ പ്രതിഷേധം കോടതി വിധിക്കെതിരെന്നും കോടിയേരി

കെ റെയിലിന്റെ ഡിപിആറിനെ കുറിച്ച് പഠനം നടത്തി ഇതിലെ അപാകതകൾ കണ്ടെത്തിയ ശേഷമാണ് പ്രതിപക്ഷം സമരം തുടങ്ങിയത്. പദ്ധതിയിലെ വസ്തുതാപരമായ തെറ്റുകളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ ജനങ്ങളോട് സംസാരിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണെന്നറിയിച്ച പ്രതിപക്ഷ നേതാവ്, സർക്കാരും ഡിപിആർ പഠിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. 

അതേ സമയം, സില്‍വര്‍ലൈന്‍ പ്രതിഷേധം കനക്കുമ്പോഴും സമരത്തേയും സമരക്കാരെയും നേരിടാനുറച്ച് തന്നെയാണ് സര്‍ക്കാരും സിപിഎമ്മും. ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും നല്‍കുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. തെക്കുംവടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജന്റെ ആക്ഷേപം.

കെ റെയിലിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 

അതേ സമയം, ചങ്ങനാശേരി കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ വിമചന സമരത്തിന് ചിലര്‍ തയ്യാറെടുക്കുന്നുവെന്ന ഇന്നലെത്തെ ആരോപണത്തില്‍ നിന്ന് സിപിഎം പിന്നോട്ട് പോയി. സമരത്തെ അനുകൂലിക്കാനോ എതിര്‍ക്കാനോ ഈ ഘട്ടത്തില്‍ തങ്ങളില്ലെന്ന എന്‍എസ്എസിന്‍റെ നിലപാടിനെ തുടര്‍ന്നാണ് സിപിഎമ്മിന്‍റെ മനംമാറ്റം. 

കോഴിക്കോടും ചോറ്റാനിക്കരയിലും ഇന്ന് കെ റെയിൽ കല്ലിടില്ല; കോട്ടയത്ത് പ്രതിഷേധം, വൻ പൊലീസ് സന്നാഹം